ദി കേരള സ്റ്റോറി’ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി.

ന്യൂഡൽഹി : ‘ദി കേരള സ്റ്റോറി’ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീം കോടതി എന്തുകൊണ്ട് ആദ്യമേ ഹൈക്കോടതിയിൽ പോയില്ല എന്ന് ഹർജിക്കാരന്റെ വക്കീൽ നിസാം പാഷയോട് ചോദിച്ചു. ചിത്രം മറ്റൊരു വിദ്വേഷ പ്രസംഗം ആണെന്നും അതുകൊണ്ട് വിദ്വേഷ പ്രസംഗ കേസുകൾക്കൊപ്പം പരിഗണിക്കണം എന്നതായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) സർട്ടിഫിക്കേഷൻ ഉൾപ്പെട്ടിരിക്കുന്നതിനാൽ വിഷയം ഇടക്കാല അപേക്ഷയായി ഫയൽ ചെയ്യാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടു. അതിനാൽ പ്രത്യേക ഹർജി നൽകേണ്ടിവരുമെന്നും, ബന്ധപ്പെട്ട ഹൈക്കോടതിയെയാണ് ആദ്യം സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

2018-2019 കാലയളവിൽ ഇസ്ലാമിലേക്ക് മതം മാറി ഐഎസ് എസ് ചേർന്ന കേരളത്തിൽ നിന്നുള്ള ഹിന്ദു പെൺകുട്ടികളെക്കുറിച്ചുള്ളതാണ് സിനിമ.32,000 സ്ത്രീകളെ കേരളത്തിൽ നിന്ന് കാണാതായിട്ടുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള തീവ്രവാദ ദൗത്യങ്ങളിൽ ഇവർ ഭാ​ഗമായിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇതേക്കുറിച്ചുള്ള ഒരന്വേഷണമാണ് സിനിമ. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങളാണ്.

വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യ്ക്ക് 10 രംഗങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശത്തോടെ കേന്ദ്ര സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി.മെയ് അഞ്ചിന് സിനിമ തീയറ്ററുകളിലെത്തും