ഒ ടി ടി സ്വപ്നം കണ്ട് ഇനി സിനിമ എടുക്കണ്ട, തിയേറ്ററിൽ കാണിക്കുന്ന സിനിമകൾ മാത്രമേ ഒ ടി ടി വാങ്ങു

കോവിഡ് കാലത്താണ് ഒ.ടി.ടി മലയാള സിനിമയ്ക്ക് പരിചിതമാകുന്നത്. കോവിഡിൽ ചിത്രീകരണം മുടങ്ങിയതോടെ പ്രതിസന്ധിയിലായ മലയാള സിനിമ മറ്റ് വഴികൾ തേടുന്നതിനിടെയാണ് ഒ.ടി.ടി. എന്ന വാക്ക് മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. ലോക്ക്ഡൗൺ സമയത്ത് വളരെ പരിമിതമായ രീതിയിൽ മൊബൈൽഫോണിൽ ചിത്രീകരിച്ച സിനിമയാണ് ‘സീ യൂ സൂൺ’.ഒരുകോടിയ്ക്കും താഴെ മാത്രം ചിലവായ സിനിമ ആമസോണിൽ എട്ടുകോടിയോളം രൂപയ്ക്ക് വിറ്റുപോയപ്പോൾ സിനിമാലോകം ഞെട്ടി.

അവിടുന്ന് തുടങ്ങിയതാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കുവേണ്ടിയുള്ള സിനിമാ പിടുത്തം. മലയാള സിനിമ സംവിധായകരും നിർമ്മാതാക്കളും ഒ.ടി.ടിയ്ക്ക് വേണ്ടി ഒരു വീട് , ഒരു ഹാള് , ഒരുമുറി ഫ്ളാറ്റ് തുടങ്ങിയ ലൊക്കേഷനുകളിൽ സംഭവിക്കുന്ന കഥകൾ തിരഞ്ഞുള്ള ഓട്ടമായി. തീയേറ്ററുകൾ വിട്ട് സിനിമ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ ഒതുങ്ങാൻ തുടങ്ങി . ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെ പ്രീമിയർഷോകൾ തുടങ്ങി. ഒ.ടി.ടി.യിൽ സിനിമകൾ വലിയ ലാഭത്തിനു വിറ്റുപോയി . ‘ദൃശ്യം-2’ 30 കോടിയോളം രൂപയ്ക്കും ‘കേശു ഈ വീടിന്റെ നാഥൻ’ 25കോടിയോളം രൂപയ്ക്കുമാണ് ഒ.ടി.ടി. ക്കാർ വാങ്ങിയത്.

കുറഞ്ഞ ചിലവിൽ സിനിമയെടുത്ത് കൂടുതൽ ലാഭത്തിനു ഒ.ടി.ടി.യിൽ കച്ചവടമുറപ്പിക്കുന്ന തിരക്കിലായി സംവിധായകരും നിർമ്മാതാക്കളും.കോവിഡ് മാറി തിയേറ്ററുകൾ തുറന്നപ്പോഴും പലരും ഒ.ടി.ടി.യിൽ കച്ചവടമുറപ്പിച്ചിട്ടാണ് തിയേറ്ററുകളിലേക്ക് പടം എത്തിച്ചത്. മുടക്കുമുതൽ ഒ.ടി.ടി യിലൂടെ തന്നെ തിരിച്ചു പിടിക്കുന്ന കച്ചവടഫോർമുലയിലേക്ക് കാര്യങ്ങൾ എളുപ്പമായി.

പുതിയതായി കിട്ടുന്ന സബ്സ്ക്രിപ്ഷനുകളാണ് ഒ.ടി.ടി.ക്കാരുടെ വരുമാനം. ഒ.ടി.ടി.യിലെത്തി അടുത്ത മണിക്കൂറിൽ ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ സിനിമ കാണാൻ കഴിയുന്നു. വലിയ തുകകൊടുത്ത് കച്ചവടമുറപ്പിച്ച സിനിമകൾ തിയേറ്ററിൽ പരാജയമാകുന്നു.പുതിയ സബ്സ്ക്രിപ്ഷനുകൾ കിട്ടാതെയാകുന്നു.ഈ കാരങ്ങളാകാം ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ മാറിച്ചിന്തിക്കാൻ തുടങ്ങുന്നു. ഇപ്പോൾ ഒ.ടി.ടി.ക്കാർ പറയുന്നത് ‘ആദ്യം തിയേറ്ററിൽ സിനിമ റിലീസ് ചെയ്യൂ’ എന്നിട്ട് വാങ്ങാം എന്നാണ്. എല്ലാഭാഷകളിലുമുള്ളവരെ തൃപ്തിപ്പെടുത്തുന്ന ‘പാൻ ഇന്ത്യൻ’ സ്വഭാവത്തിലുള്ള സിനിമകളേ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്ക് താല്പര്യമുള്ളു.

റിലീസ് ചെയ്ത് ഒരുമാസത്തിനകം ഒ.ടി.ടി.യിൽ വരും. തൊട്ടുപിറകേ ടെലഗ്രാമിലും. നാലംഗങ്ങളുള്ള കുടുംബം സിനിമയ്ക്ക് പോയിവരുമ്പോൾ ഭക്ഷണം ഉൾപ്പെടെ 1500 രൂപയിൽ അധികമാകും. ഈ കാശിന് ഒരുവർഷത്തേക്ക് ഒ.ടി.ടി. സബ്സ്ക്രിപ്ഷനെടുക്കാമെന്ന ചിന്തയിലേക്ക് പ്രേക്ഷകരും മാറിക്കഴിഞ്ഞു.