ന്യൂഡൽഹി: ഗുസ്തി താരങ്ങൾ സമരം ചെയ്യുന്ന ജന്തർ മന്തറിൽ പോലീസും ഗുസ്തി താരങ്ങളും തമ്മിൽ സംഘർഷം. പോലീസും ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബ്രിജ് ഭൂഷനെതിരെ സമരം നടക്കുന്ന സമരവേദിയിലേക്ക് കിടക്കകളുമായി ആം ആദ്മി പാർട്ടി നേതാക്കൾ എത്തിയെങ്കിലും പോലീസ് സമരവേദിയിലേക്ക് പ്രവേശിപ്പിച്ചില്ല. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്.
ആം ആദ്മി പാർട്ടി നേതാക്കളെ സമരവേദിയിലേക്ക് കടത്തിവിടാത്തതിനെച്ചൊല്ലി പോലീസുമായുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഗുസ്തി താരങ്ങൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.പോലീസ് മർദ്ദിച്ചെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു.
പോലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് മുൻപ് ഗുസ്തി താരങ്ങൾ ആരോപിച്ചിരുന്നു. ഗുസ്തി താരങ്ങൾക്ക് ആറുമണിക്ക് ശേഷം ജന്തർ മന്തറിലേക്ക് പുറത്ത് നിന്നുള്ള ആളുകൾക്ക് പ്രവേശനമില്ലെന്നാണ് പോലീസ് പറയുന്നത്.തങ്ങൾക്ക് ജനങ്ങളുടെ പിന്തുണ വേണമെന്നും രാജ്യം ഒന്നടങ്കം തങ്ങൾക്കൊപ്പം നിൽക്കണമെന്നും ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു.