ഇന്ത്യൻ പാർലമെന്റിൽ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത്ഷാ അവതരിപ്പിച്ച നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയ്ക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതികൾ ചർച്ചയ്ക്ക് വന്നപ്പോൾ ദേശ സുരക്ഷയെ എതിർക്കുന്നവരെ കാണട്ടെ എന്ന അമിത്ഷായുടെ ഭീഷണിക്കു മുന്നിൽ മുട്ട് മടക്കുന്ന ഇന്ത്യൻ പ്രതിപക്ഷത്തെ നാം കണ്ടു. കേരളത്തിൽ നിന്ന് എൻ ഐ എ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത് ഒരേ ഒരു ആരിഫ്. അന്ന് ദേശദ്രോഹി എന്ന ദുഷ്പ്പേര് പട്ടം ചാർത്തി തന്നു ബി ജെ പി. ഇന്ന് ഒരു ലേഖനം എഴുതിയതിന്റെ പേരിൽ ജോൺ ബ്രിട്ടാസിനോട് വിശദീകരണം ചോദിച്ച സംഘപരിവാർ ഭരണകൂടത്തിനെതിരെ എ എം ആരിഫ് എം പി ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചർച്ചയാകുന്നു.
” ഇന്നലെ ഞാനെങ്കിൽ.!!
ഇന്ന് ജോൺ ബ്രിട്ടാസ്.!!
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയ്ക്ക് (N. I. A) കൂടുതൽ അധികാരം നൽകുന്ന ഭേദഗതികൾ ഇന്ത്യൻ പാർലമെന്റിൽ ചർച്ചയ്ക്ക് വന്നു.ഏതൊരു സംസ്ഥാനത്തേയും, ഏത് കേസിലും അവിടുത്തെ പോലീസ് ചീഫിന്റെ അറിവോ സമ്മതമോ കൂടാതെ കേസ് ഏറ്റെടുക്കുവാനും അന്വേഷണം നടത്തുവാനും NIA ക്കു അനുവാദം നൽകുന്നതായിരുന്നു ആ ഭേദഗതി..
ബഹു ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത്ഷായാണ് ഭേദഗതി അവതരിപ്പിച്ചത്
കൂടാതെ പ്രതി ചേർക്കപ്പെട്ട ആളുകളുടെ വസ്തുവകകൾ ഉൾപ്പടെ കണ്ടുകെട്ടാൻ NIA ക്കു അധികാരം നൽകുന്ന വ്യവസ്ഥകൾ കൂടി അടങ്ങിയ ഭേദഗതികളാണ് കൊണ്ടുവന്നത്..
പാർലമെന്റിലെ വിവിധ സ്റ്റാൻഡിങ്ങ് കമ്മറ്റികളിൽ ചർച്ച ചെയ്ത് കൊണ്ടുവരേണ്ട നിയമങ്ങൾ,സ്റ്റാൻഡിങ്ങ് കമ്മറ്റിയ്ക്ക് വിടാതെ, യാതൊരു ചർച്ചയും കൂടാതെ സഭയിൽ അവതരിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷത്തുനിന്ന് സംസാരിച്ചവരെല്ലാവരും തന്നെ,മുൻപ് പല ഘട്ടത്തിലും, ഇതേ നിയമം ദുരുപയോഗം ചെയ്ത് നടത്തിയ ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ച്, പൗരാവകാശ ലംഘനങ്ങളെക്കുറിച്ച്,നിരപരാധികളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചത് ഒക്കെ ചൂണ്ടിക്കാണിച്ചു.പിൽക്കാലത്ത് ഫാ. സ്റ്റാൻ സാമി ഉൾപ്പടെയുള്ളവരെ ജയിലിൽ അടച്ചത്,ആവശ്യമായ ചികിത്സ പോലും നിഷേധിച്ചത്, ഒക്കെ ഈ നിയമഭേദഗതികളുടെ പിൻബലത്തിലാണ്.
പാർലമെന്റിൽ നടന്ന ചർച്ചയിൽ ഞാനും പങ്കെടുത്ത് സംസാരിച്ചു. ഈ നിയമഭേദഗതി”ഭസ്മാസുരന് വരം കൊടുത്തത് പോലെയാണ്” എന്ന് പാർലമെന്റിൽ അതിശക്തമായി പറഞ്ഞയാളാണ് ഞാൻ..
അവസാനം വോട്ടെടുപ്പിലേക്ക് പോകുന്ന ഘട്ടം വന്നപ്പോൾ, ബഹു. സ്പീക്കർ ഓം പ്രകാശ് ബിർള, കുറച്ച് പേര് മാത്രമേ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടുള്ളു എന്ന കാരണം പറഞ്ഞുകൊണ്ട്, രഹസ്യ ബാലറ്റിന് പകരം എതിർക്കുന്നവർ എഴുന്നേൽക്കുവാൻ ആവശ്യപ്പെട്ടു.
ആകെ 543 അംഗങ്ങൾ ഉള്ള ഇന്ത്യൻ പാർലമെന്റിൽ, പ്രതിപക്ഷ നിരയിൽ നിന്ന്,നിയമഭേദഗതികളെ എതിർത്തുകൊണ്ട് എഴുന്നേറ്റ് നിന്ന ആറുപേരിൽ, ഏക മലയാളിയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് യാഥാർഥ്യം.
പ്രിയമുള്ളവരേ, ഈ വാക്കുകൾ എന്റെ നെഞ്ചത്താണ് പതിച്ചത്..എന്റെ പെറ്റമ്മയേക്കാളുപരി, എന്റെ പോറ്റമ്മയേക്കാളുപരി ഈ രാജ്യത്തെ സ്നേഹിക്കുന്ന എനിക്ക്, ഒരു ഉത്തമ പൗരൻ എന്ന നിലയിൽ, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ, പാർലമെന്റിൽ എനിക്കുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരിൽ, എന്നേക്കൂടി ചേർത്ത് ദേശദ്രോഹി എന്ന വിളിപ്പേര് കേട്ടയാളാണ് ഞാൻ.അമിത്ഷാ പാർലമെൻ്റിൽ പറഞ്ഞത് ലോകം കാണട്ടെ ആരാണ് രാജ്യസ്നേഹികൾക്കൊപ്പം ആരാണ് രാജ്യ ദ്രോഹികൾക്കൊപ്പം എന്നായിരുന്നു.
ആ വിളിപ്പേരിൽ, മനസ്സുകൊണ്ട് അത്രയേറെ വേദനിച്ച നാളുകളായിരുന്നു അത്..
എന്നാൽ അന്ന് ഞാനെടുത്ത നിലപാട്, എന്റെ പാർട്ടിയുടെ -എന്റെ പ്രസ്ഥാനത്തിന്റെ നിലപാട് തന്നെയാണ്.അതുകൊണ്ട് തന്നെ ആ വിളിപ്പേര് കേട്ടതിൽ യാതൊരുവിധ വിഷമവുമില്ല…
അന്ന് മനോരമ ചാനലിൽ ശ്രീമതി. ഷാനി പ്രഭാകരൻ അവതരിപ്പിച്ച “പറയാതെ വയ്യ” എന്ന പ്രോഗ്രാം ഈ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു.
ഇന്ന് ഒരു ലേഖനം എഴുതിയതിന്റെ പേരിൽ ഡോ. ജോൺ ബ്രിട്ടാസിനോട് വിശദീകരണം ചോദിച്ചതെങ്കിൽ,അന്ന് പാർലമെന്റിൽ നിലപാട് എടുത്തതിന്റെ പേരിൽ ദേശദ്രോഹി എന്ന ദുഷ്പ്പേര് കേട്ടയാളാണ് ഞാൻ. ഒന്നും ഇവിടംകൊണ്ട് അവസാനിക്കുന്നില്ല… ഈ രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളുടേയും പൗരാവകാശങ്ങളും ,ജനാധിപത്യാവകാശങ്ങളും, ഭരണഘടനാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.