തൃശൂര്‍ ∙ അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി ആതിര (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയത്. സാമ്പത്തികമായി അഖിലിനെ പലപ്പോഴായി ആതിര സഹായിച്ചിട്ടുണ്ട്. ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ഭാര്യ ആതിരയെ കാണാനില്ലെന്ന് പറഞ്ഞ് അങ്കമാലി സ്വദേശി സനൽ കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കാലടി പൊലീസ് ആതിരയെക്കുറിച്ച് അന്വേഷിച്ചു. യുവതിയുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത് തുമ്പൂര്‍മുഴി ഭാഗത്താണെന്ന് മനസ്സിലായി. സുഹൃത്ത് അഖിലിനൊപ്പമാണ് പോയതെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വിശദമായ ചോദ്യംചെയ്യലിൽ അഖിൽ കൊല നടത്തിയ വിവരം വെളിപ്പെടുത്തി. തുടർന്ന് അഖിലിനെയും കൂട്ടി സ്ഥലത്തെത്തി ആതിരയുടെ മൃതദേഹം കണ്ടെടുത്തു.