ജനീവ: കോവിഡ് മഹാമാരിയെ തുടർന്ന് മൂന്ന് വർഷം മുമ്പ് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. അടിയന്തര ഘട്ടം അവസാനിച്ചെങ്കിലും, മഹാമാരി അവസാനിച്ചിട്ടില്ലെന്ന് യുഎൻ ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.
“കോവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിൽ നിന്ന് മാറ്റിയതായി പ്രഖ്യാപിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ്. അതിനർഥം കോവിഡിന്റെ ആഗോള ആരോഗ്യ ഭീഷണി അവസാനിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കോവിഡ് മഹാമാരി ബിസിനസ്സുകളെ തകർത്തു.ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു.കുറഞ്ഞത് 20 ദശലക്ഷം കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ടാകും.ഒരു വർഷത്തിലേറെയായി പാൻഡെമിക് കുറയുന്ന പ്രവണത കാണുന്നു.മിക്ക രാജ്യങ്ങളും കോവിഡിന് മുൻപുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി ടെഡ്രോസ് പറഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യയിലും മിഡിൽ ഈസ്റ്റിലും അടുത്തിടെയുള്ള കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴും ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകൾ വൈറസ് ബാധിച്ച് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.