റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ പെട്രോള്‍ പമ്പിന് സമീപത്തെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. റിയാദ് ഖാലിദിയയില്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരുന്നവരാണ് അപകടത്തില്‍ മരിച്ചത്.
മലപ്പുറം വളാഞ്ചേരി പെങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ ഹക്കീം, മേല്‍മുറി നൂറങ്ങല്‍ കാവുങ്ങത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. രണ്ട് തമിഴ്‌നാട് സ്വദേശികളും ഒരു ഗുജറാത്ത് സ്വദേശിയും ഒരു മഹാരാഷ്ട്ര സ്വദേശിയുമാണ് മരിച്ചത്. ഉറ്റ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നു മരിച്ച ഹക്കീമും ഇര്‍ഫാനും.കോട്ടക്കല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബി.ടെക് പഠനം പൂര്‍ത്തിയാക്കിയവരാണ് ഹക്കീമും ഇര്‍ഫാനും. നാട്ടിലും ഇരുവരും ഒരുമിച്ചായിരുന്നു ജോലി നോക്കിയിരുന്നത്.
വ്യാഴാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഖാലിദിയയില്‍ ഒരു പെട്രോള്‍ പമ്പില്‍ പുതിയതായി ജോലിക്കെത്തിയവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.