മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നൽകും.സാങ്കേതിക വിദഗ്ദരെ ഉൾപ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു മുഖ്യമന്ത്രി. 22 പേരുടെ ജീവനാണ് താനൂര്‍ ബോട്ടപകടത്തില്‍ പൊലിഞ്ഞത്.അപകടത്തില്‍ മരിച്ച 22 പേരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 12 പേര് അപകടത്തില്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര് ചികിത്സയിലുണ്ട്.
ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത ദുഖമാണ് അപകടം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണമാണ്. മെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു.