ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഹോട്ടലിൽ പിറന്നാൾ ആഘോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയ വഞ്ചോൽ സ്വദേശി സന്തോഷ് ബംനാവത് (25) എന്ന യുവാവിനെ റസ്റ്ററൻ്റ് ഉടമയും വെയിറ്ററും ചേർന്ന് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളായ റസ്റ്ററൻ്റ് ഉടമയെയും വെയിറ്ററെയും ഭീംനഗർ സ്വദേശി സാങ്കേത് ജാഥവ് (21), ഗജാനൻ ധംകേ (24) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി മൂന്നു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കാനായി റസ്റ്ററൻ്റിൽ എത്തിയതായിരുന്നു മെക്കാനിക് സന്തോഷ് ബംനാവത്. റസ്റ്ററൻ്റിലേക്ക് എത്തും മുമ്പേ മദ്യപിച്ചിരുന്ന ബംനാവത് റസ്റ്ററൻ്റിൽനിന്ന് കഴിച്ചു തുടങ്ങിയ ഭക്ഷണം ഇഷ്ടപ്പെടാത്തതിനെ തുടർന്നു കുക്കിനെയും വെയിറ്ററെയും അസഭ്യം വിളിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മടങ്ങിയെങ്കിലും മടങ്ങാൻ കൂട്ടാക്കാതെ റസ്റ്ററൻ്റിൽ കിടന്നുറങ്ങിയ സന്തോഷ് ബംനാവത് പുലർച്ചെ ഒരു മണിയോടെ ഉണർന്നു.
വീണ്ടും വെയിറ്ററെയും ഹോട്ടൽ ഉടമയെയും അസഭ്യം പറയുന്നത് തുടരുകയും ബിൽത്തുകയായ 1600 രൂപ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. പ്രകോപിതരായ റസ്റ്ററൻ്റ് ഉടമയും വെയിറ്ററും അടുത്തുള്ള മീൻ കടയിൽനിന്നു രണ്ടു മൂർച്ചയേറിയ കത്തിയെടുത്തുകൊണ്ടുവന്നു യുവാവിനെ ദൂരേയ്ക്കു വിളിച്ചു കൊണ്ടുപോയി മർദ്ധിച്ചു.ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെ പരിക്കേറ്റു അവശനിലയിലായ യുവാവിനെ വിവരം അറിഞ്ഞു പോലീസെത്തി ആശുപത്രിയിലെത്തിക്കും മുമ്പേ യുവാവ് മരണപ്പെടുകയായിരുന്നു.