തിരുവനന്തപുരം: മനഃപൂർവമല്ല, സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം കെപിസിസി പ്രസിഡണ്ടെന്ന നിലയിൽ പ്രതീക്ഷിച്ചത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ. പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും കെപിസിസി ദ്വിദിന ലീഡേഴ്‌സ് മീറ്റിൽ സുധാകരൻ പറഞ്ഞു.
ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചുകൊണ്ട് ഭാരവാഹിത്വം വീതം വെക്കാൻ കഴിയാതെ പോയതാണ് പുനഃസംഘടന അനിശ്ചിതത്വത്തിൽ ആക്കിയത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്ന് പരസ്യ വിമർശനവുമായി കെ മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് സുധാകരന് തിരിച്ചടിയായി.
ഹൈക്കമാൻഡ് നേതൃത്വം നേരിട്ട് ഇടപെട്ടാണ് നേതാക്കളുടെ വിഴുപ്പലക്കൽ തൽക്കാലത്തേക്ക് എങ്കിലും അവസാനിപ്പിച്ചത്. അതിനിടയിലാണ് വയനാട്ടിൽ നടക്കുന്ന കോൺഗ്രസ് നേതൃ സംഗമത്തിൽ സ്വയം വിമർശനവുമായി കെ സുധാകരൻ രംഗത്ത് എത്തിയത്.കേരളത്തിൻറെ ചുമതലയുള്ള എഐസിസി സംഘടന കാര്യ ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ തുടങ്ങിയവർ ദ്വിദിന സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി രണ്ടുതവണ കോൺഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പ്രവർത്തകരുടെ മനോവീര്യം വീണ്ടെടുക്കാൻ കെ സുധാകരനെ കെപിസിസി അധ്യക്ഷൻ ആക്കാൻ ഹൈക്കമാൻഡ് തീരുമാനമെടുത്തത്. പാർട്ടിയിൽ കേഡർ സംവിധാനം നടപ്പിലാക്കുമെന്നും പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കുമെന്നും കോൺഗ്രസ് വേദികളിൽ ആവർത്തിച്ച കെപിസിസി അധ്യക്ഷന് പക്ഷേ വാക്കുപാലിക്കാനായില്ല.