കോട്ടയം : ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറിയതിന് നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലെ ടിടിഇ തിരുവനന്തപുരം സ്വദേശി നിതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
പിതാവ് യുവതിയെ ട്രെയിനിൽ കയറ്റിവിടുമ്പോൾ മകള്‍ ഒറ്റയ്ക്കാണന്നും ശ്രദ്ധിക്കണമെന്നും ടിടിഇയോട് പറഞ്ഞിരുന്നു. ടിക്കറ്റ് പരിശോധിക്കാനായി യുവതിയുടെ അടുത്തേക്ക് എത്തിയ നിതീഷ്, ഈ കോച്ച് മാറി അടുത്ത കോച്ചിലിരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കൈയിൽ കടന്നു പിടിക്കുകയായിരുന്നു.യുവതി ബഹളംവെച്ചതിനെ തുടർന്ന് അവിടെനിന്ന് പോയ ടിടിഇ വീണ്ടും അവിടേക്ക് എത്തി ശല്യം തുടർന്നു.
ടിടിഇയുടെ ശല്യം അസഹനീയമായതോടെ പുലർച്ചെ ഒരുമണിയ്ക്കാണ് യുവതി പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. കോട്ടയം സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ നിന്നും അവിടെയുണ്ടായിരുന്ന റെയിൽവേ പൊലീസ് സംഘം ടിടിഇയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന യുവതിയുടെ കൈയിൽ ടിടിഇ കടന്നുപിടിച്ചത് ആലുവയില്‍ വച്ചായിരുന്നു. ട്രെയിൻ എറണാകുളം വിട്ടതിനുശേഷമാണ് യുവതി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം പറഞ്ഞത്. നിതീഷ് ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കോട്ടയം റെയില്‍വേ പൊലീസാണ് കേസ് എടുത്തതെങ്കിലും കോടതി നടപടികള്‍ക്ക് ശേഷം, കേസുമായ ബന്ധപ്പെട്ട കാര്യം ആലുവയിലേക്ക് മാറ്റും.