ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹരീകെ ഇൻസാഫിൻ്റെ (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാൻ്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇമ്രാൻ ഖാൻ്റെ അനുയായികളും പിടിഐ പ്രവർത്തകരും പ്രതിഷേധവുമായി തെരുവിൽ ഏറ്റുമുട്ടി. രാജ്യത്ത് മൊബൈൽ ഇൻ്റർനെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കി. ട്വിറ്റർ, യൂട്യൂബ് ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
ഇസ്ലാമാബാദ്, റാവൽപിണ്ടി, ലാഹോർ, കറാച്ചി, ഗുജ്രൻവാല, ഫൈസൽബാദ്, മുൾട്ടാൻ, പേഷാവർ, മർദാൻ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ വീടുകൾക്കും ഓഫീസുകർക്കും വാഹനങ്ങൾക്കും നേരെ കല്ലെറിഞ്ഞു. ബാനറുകൾക്കും ടയറുകൾക്കും തീയിട്ട പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു.ആഭ്യന്തരമന്ത്രി റാണ സനാവുള്ളയുടെ ഫൈസൽബാദിലെ വസതിക്കുനേരെ കല്ലേറുണ്ടായി.
റാവൽപിണ്ടിയിലെ പാകിസ്ഥാൻ കരസേനാ ആസ്ഥാനത്തേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർക്കുനേരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. ലാഹോറിലെ കരസേന കമാൻഡറുടെ വീട് അടിച്ചു തകർത്ത പ്രതിഷേധക്കാർ വീടിനു തീയിട്ടു.കറാച്ചിയിലും സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിലും ബലൂചിസ്ഥാനിലെ ക്വറ്റയിലും പ്രതിഷേധക്കാർ സൈനികകേന്ദ്രങ്ങൾ ആക്രമിച്ചു.
ക്വറ്റയിൽ പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെട്ടുവെന്നും 20 പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്.നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുനിന്നാണ് അൽ- ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ പാകിസ്ഥാൻ്റെ അർധസൈനിക വിഭാഗകമായ റേഞ്ചേഴ്സ് അറസ്റ്റു ചെയ്തത്.ഇസ്ലാമാബാദിലും കറാച്ചിക്കും പുറമേ പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.