കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ട് മണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. അത്യാഹിത വിഭാഗം ഒഴികെ ഒന്നും പ്രവർത്തിക്കില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂർണമായും അടച്ചിടും.
ബുധനാഴ്ച രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. പൂയപ്പള്ളി സ്വദേശി സന്ദീപ് എന്ന പ്രതിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നതാണ്. അടിപിടി കേസില്‍ കസ്റ്റഡിയിൽ എടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഡ്രസിങ് റൂമില്‍ വച്ച് ഇയാൾ കത്രിക ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഡോ. വന്ദനാ ദാസിനെ ആറ് തവണയാണ് പ്രതി കുത്തിയത്
നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതിയായ സന്ദീപ്. സ്വഭാവദൂഷ്യം, ലഹരി ഉപയോഗിക്കൽ എന്നീ കാരണങ്ങളാൽ പ്രതി സസ്പെൻഷനിലായിരുന്നു. വന്ദനയുടെ കഴുത്തിലും തലയിലും വയറിലും പ്രതി കുത്തി. ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ കൂട്ടത്തോടെ എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഇതിനിടെ ഒരു ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.
വനിതാ ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേരെ കുത്തി. ASI മണിലാൽ, ഹോംഗാർഡ് അലക്സുകുട്ടി, ആംബുലൻസ് ഡ്രൈവർ രാജേഷ്, സന്ദീപിൻ്റെ ബന്ധു ബിനു എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നെഞ്ചിലും പുറത്തും ആഴത്തിൽ മുറിവേറ്റ വനിതാ ഡോക്ടർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഡോക്ടർ വന്ദനയുടെ അച്ഛനും അമ്മയും ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം മൃതദേഹം വിട്ടുകൊടുക്കും.
കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.