തിരുവനന്തപുരം: ബീമപള്ളിയിൽ രാത്രി വാഹനപരിശോധന നടത്തുന്നതുനിടയിൽ എസ്ഐയെ വളഞ്ഞിട്ട് മർദിച്ചു. ഞായറാഴ്ച രാത്രിയാണ് എസ്ഐക്ക് അഞ്ചംഗ സംഘത്തിന്റെ മർദനമേറ്റത്. സംഭവത്തില്‍ അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ പൂന്തുറ സ്റ്റേഷനിലെ എസ്ഐ എച്ച്.പി ജയപ്രകാശ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. എസ്ഐ ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നതിനിടെ പ്രദേശവാസികളായ ഒരു സംഘം ആളുകളെത്തി ചോദ്യം ചെയ്യുകയും തുടർന്ന് അക്രമിക്കുകയുമായിരുന്നു.
തർക്കം ഉണ്ടായപ്പോൾ പ്രതികളിൽ ഒരാൾ ഇരുമ്പു കമ്പി എടുത്ത് എസ്ഐയ്ക്കു നേരെ വീശി. ഇതു തടയാൻ ശ്രമിച്ച എസ്ഐക്ക് കൈക്ക് അടിയേറ്റു. തലയിലും മുതുകിലും മർദിക്കുകയും ചവിട്ടി നിലത്തിടുകയും ചെയ്തു. സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്തതിനും അഞ്ചു പേർക്കെതിരെ കേസെടുത്തു.