നഗാവ്: അസം പോലീസിലെ വിവാദ വനിതാ സബ് ഇൻസ്പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. വനിതാ എസ്ഐ ഓടിച്ചിരുന്ന കാർ കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടവിവരം അറിഞ്ഞ് പുലർച്ചെ 2.30 ഓടെ പോലീസ് പട്രോൾ സംഘമെത്തി വാഹനത്തിൽ തനിച്ചായിരുന്ന ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നഗാവ് ജില്ലയിൽ ജഖലബന്ധ പോലീസ് സ്റ്റേഷൻ പരിധിയിലെ സരുഭുഗിയയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ജുൻമോനി രാഭ അപ്പർ അസമിലേക്ക് പോകുകയായിരുന്നു. യാതൊരു സുരക്ഷയുമില്ലാതെ സിവിൽ ഡ്രസിൽ തനിയെ ഇവർ വാഹനമോടിച്ചു അപ്പർ അസമിലേക്ക് പോയത് എന്തിനാണെന്ന് വ്യക്തമല്ല. യാത്ര സംബന്ധിച്ചു കുടുംബത്തിനും അറിയില്ല.
അപകടസമയം ഇവർ യൂണിഫോമിലല്ലായിരുന്നു. അപകടത്തിനു പിന്നാലെ കണ്ടെയ്നർ ട്രക്കിൻ്റെ ഡ്രൈവർ കടന്നുകളഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.ഉത്തർപ്രദേശിൽനിന്നു വരികയായിരുന്നു ട്രക്ക്. മോറിക്കോലോങ് പോലീസ് ഔട്ട്പോസ്റ്റിൻ്റെ ഇൻചാർജായിരുന്നു ജുൻമോനി രാഭ. ക്രിമിനലുകൾക്കെതിരായ ജുൻമോനിയുടെ കടുത്ത നടപടികൾ ജനശ്രദ്ധ നേടിയിരുന്നു.
ബിജെപി എംഎൽഎ അമിയ കുമാർ ഭുയാനുമായുള്ള ജുൻമോനി രാഭയുടെ ഫോൺ സംഭാഷണം ചോർന്നത് വിവാദത്തിന് ഇടയാക്കിയിരുന്നു.എസ്ഐ തന്റെ മണ്ഡലത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്നുവെന്ന എംഎൽഎയുടെ ആരോപണത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് അർഹമായ ബഹുമാനം നൽകണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു. ‘ലേഡി സിങ്കം’ എന്നറിയപ്പെട്ടിരുന്ന ജുൻമോനി രാഭ വിവാദങ്ങളുടെ തോഴി കൂടിയായിരുന്നു.എസ്ഐയായിരുന്ന ജുൻമോനി രാഭയെ കഴിഞ്ഞവർഷം ജൂണിൽ അഴിമതിക്കേസിൽ ജുൻമോനി രാഭ അറസ്റ്റിലാകുകയും സസ്പെൻഷൻ നേരിടുകയും ചെയ്തിരുന്നു.