കൊച്ചി: വിവാഹമോചനവിഷയത്തിൽ ഉഭയകക്ഷി സമ്മതപ്രകാരം കേസിൽ തീർപ്പുണ്ടാകുന്നതിന് മുൻപ് കക്ഷികളിൽ ഒരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന നിർണായക വിധിയുമായി ഹൈക്കോടതി. ഉഭയസമ്മതപ്രകാരമുള്ള ഹർജി തിരുവനന്തപുരം കുടുംബകോടതി തള്ളിയതിനെതിരെ കായംകുളം സ്വദേശിയായ ഭർത്താവാണ് ഹർജി നൽകിയത്.
മകന്റെ ഭാവി കണക്കിലെടുത്ത് വിവാഹമോചനത്തിൽ നിന്ന് പിൻവാങ്ങുന്നതായി കാണിച്ച് യുവതി കോടതിയിൽ അപേക്ഷ നൽകി. കേസിൽ ഭാര്യ പിന്മാറിയതിനാൽ വിവാഹമോചനം അനുവദിക്കാത്തതിനെതിരെ ഭർത്താവ് നൽകിയ അപ്പീർ തള്ളിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത് കുമാറും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബിയിൽ പറയുന്നത് അനുസരിച്ച് ഇരുകക്ഷികളും വിവാഹമോചനത്തിന് സമ്മതമാണെന്ന നിലപാട് തുടർന്നാൽ മാത്രമേ ഹർജി പരിഗണിച്ച് തീർപ്പാക്കാൻ പറ്റുവെന്നും കോടതി പറഞ്ഞു. ഉത്തരവിന് മുൻപായി കക്ഷികൾക്ക് സമ്മതമുണ്ടെന്ന് കോടതി ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാജ്യത്തെ മിക്ക വിവാഹമോചനങ്ങളും നടക്കുന്നത് പ്രണയവിവാഹങ്ങളാണ്.വിവാഹ ബന്ധത്തിൽ വീണ്ടെടുക്കാനാവാത്ത വിധം തകർച്ച നേരിട്ടെന്ന് ബോധ്യമായാൽ 142 ആം ആർട്ടിക്കിൾ പ്രകാരം വിവാഹമോചനം അനുവദിക്കാമെന്നും അടുത്തിടെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നിരുന്നു