മക്ക : കാസനോവ’, ‘കിങ് ആന്‍ഡ് കമ്മീഷണര്‍’, ‘ആറാട്ട്’ എന്നീ മലയാള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സഞ്ജന ഗല്‍റാണി. ഹിന്ദു കുടുംബത്തില്‍ ജനിച്ച സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇസ്ലാമില്‍ ആകൃഷ്ടയായതിന് പിന്നാലെ മുസ്ലീമായ അസീസ് പാഷയെ നടി വിവാഹം ചെയ്തു.
തെന്നിന്ത്യന്‍ സിനിമകളിലെ താരമായ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. ഭര്‍ത്താവ് ഡോക്ടര്‍ അസീസ് പാഷയുമൊത്ത് ഉംറ നിര്‍വ്വഹിച്ച വാർത്ത സോഷ്യൽ മീഡിയയിൽ സഞ്ജന തന്നെ പങ്കുവെയ്ക്കുന്നു. കുടുംബത്തോടൊപ്പം ഉംറ നിര്‍വ്വഹിക്കാനെത്തിയ സഞ്ജനയുടെ ആദ്യ ഉംറയാണിത്.
“ഏറ്റവും മുകളില്‍ നിന്ന് ഹറമിലെ കാഴ്ചകള്‍ കാണാവുന്ന തരത്തിലായിരുന്നു താമസം. മക്കയിലെ താമസമുറിയില്‍ നിന്നും പുറത്തേക്കുള്ള കാഴ്ച അമൂല്യമായിരുന്നു. ഉംറ നിര്‍വ്വഹിക്കുന്നതിനായുള്ള ജീവിതത്തിലെ ആദ്യ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചിലവഴിച്ചു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ആദ്യത്തെ ഉംറ നിര്‍വ്വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്ത് അതീവ സങ്കടത്തിലും വൃഥയിലും മനോവേദനയിലും കഴിയുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചു.” സഞ്ജന സോഷ്യൽ മീഡിയയിൽ കുറിച്ചു.