കൊച്ചി : ദുബായിൽ വെച്ച് ആത്മഹത്യ ചെയ്ത ഏറ്റുമാനൂർ സ്വദേശിയായ പ്രവാസി ജയകുമാറിന്റെ മൃതദേഹം മരിച്ച ജയകുമാറിനൊപ്പമെത്തിയ ലക്ഷ്ദ്വീപ് സ്വദേശിനി സഫിയയ്ക്ക് വിട്ടുനൽകാൻ കുടുംബം സമ്മതം അറിയിച്ചു കൊണ്ട് ജയകുമാറിന്റെ ബന്ധുക്കുൾ ധാരണപത്രം ഒപ്പിട്ട് നൽകി. മൃതദേഹം കൊച്ചിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച ജയകുമാറിന്റെ മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കളാരും എത്താത്തത് കൊണ്ട് മൃതദേഹത്തിനൊപ്പമെത്തിയ സുഹൃത്ത് സഫിയ ഏറ്റുവാങ്ങി. തുടർന്ന് സഫിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് ജയകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയെങ്കിലും മൃതദേഹം സ്വീകരിക്കാനില്ലെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചു നിൽക്കുകയായിരുന്നു.
ജയകുമാറിന്റെ മരണവിവരം ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നും സംഭവം ചൂണ്ടിക്കാട്ടി എൻആർഐ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.നാലര വർഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് അമ്മ പ്രസന്നകുമാരി പറഞ്ഞു.ഒടുവിൽ മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു.
യുഎഇയിലെ നടപടികൾ എല്ലാ പൂർത്തിയാക്കി മെയ് 26 പുലർച്ചെയാണ് ജയകുമാറിന്റെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുന്നത്. അലുവയിൽ മൃതദേഹം സംസ്കരിക്കാനായിരുന്നു ആദ്യ തീരുമാനം എന്നാൽ പോലീസിന്റെ എൻഒസി ലഭിക്കാതെ വന്നതും ജയകുമാറിന്റെ കുടുംബ ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നതും സംസ്കാരം വൈകിക്കുകയായിരുന്നു. എട്ട് മണിക്കൂറിലധികം നേരമാണ് ജയകുമാറിന്റെ മൃതദേഹവുമായി സഹൃത്തുക്കൾ ആലുവ, ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുകളിൽ കാത്ത് നിന്നത്.
ഒരാഴ്ച മുമ്പ് ദുബായിൽ വച്ചാണ് ജയകുമാർ ആത്മഹത്യ ചെയ്തത്. വിവാഹിതനായ ജയകുമാർ നാലുവർഷമായി ലക്ഷദ്വീപ് സ്വദേശി സഫിയയ്ക്കൊപ്പമായിരുന്നു താമസം. വിവാഹമോചനം നടക്കാത്തതിനാൽ ജയകുമാർ മനോവിഷമത്തിലായിരുന്നെന്ന് സഫിയ പറഞ്ഞു