പതിനൊന്നുകാരിക്ക് നേരെ പീഡനശ്രമം, പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: പതിനൊന്നുകാരിയെ വഴിയില്‍വെച്ച് ആക്രമിക്കുകയും ഇത് ചോദിക്കാന്‍ എത്തിയ മുത്തച്ഛന്‍റെ കൈ അടിച്ചൊടിക്കുകയും ചെയ്ത കേസിലെ പ്രതി കന്യാകുളങ്ങര സിന്ധു ഭവനില്‍ പി ബിജുവിനെ വട്ടപ്പാറ പോലീസ് അറസ്റ്റുചെയ്തു. അയല്‍ വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ബിജു തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഭയന്ന പെണ്‍കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാര്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനെ വിവരംഅറിയിച്ചു. കാര്യം തിരക്കാന്‍ പ്രതിയുടെ വീട്ടിലെത്തിയ മുത്തച്ഛനെ മദ്യലഹരിയിലായിരുന്ന ബിജു ഇരുമ്പു കമ്പികൊണ്ട് തലയ്ക്കടിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വേണമെങ്കില്‍ വീടിനകത്തുകയറി പിടിച്ചു കൊണ്ടുപോകുമെന്നു ബിജു ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മുത്തച്ഛന് തോളിലും നെഞ്ചിലും പരുക്കുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പാല്‍ വാങ്ങാന്‍ പോകവെ 11 വയസുള്ള പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് ഉപദ്രവിച്ച, ഇത് ചോദിക്കാന്‍ ചെന്ന മുത്തച്ഛനെ ഇരുമ്പ് കമ്പി കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പി ബിജു (33) വിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിനും പോക്‌സോ പ്രകാരവും കേസെടുത്തു.പ്രദേശവാസികള്‍ക്കാകെ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ബിജുവിനെതിരെ നാലോളം കേസുകള്‍ നിലവിലുണ്ട്.