2000 രൂപ നോട്ട് വലിച്ച് കീറി മുഖത്തെറിഞ്ഞ് യാത്രക്കാരനെ ആക്രമിച്ച കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്

മാവേലിക്കര : 2000 രൂപ നോട്ടിന് ചില്ലറ ചോദിച്ച മധ്യവയസ്കനെ മാവേലിക്കര ബസ്സ്റ്റാന്റിൽ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചതായി പരാതി. ചെട്ടികുളങ്ങര പേള സ്വദേശി രാധാകൃഷ്ണൻ നായരെയാണ് മാമേലിക്കരയിലെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചത്.

ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാന്‍റിലെത്തിയ രാധാകൃഷ്ണന്റെ കൈവശം പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാനായി ടിക്കറ്റ് എടുക്കാൻ 13 രൂപ ചില്ലറയുണ്ടായിരുന്നില്ല. കയ്യിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ട് ചില്ലറയാക്കാൻ സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെത്തി. 000 രൂപ നോട്ട് ഇപ്പോൾ എടുക്കില്ലെന്നും, ചില്ലറ തരാൻ പറ്റില്ലെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.

നോട്ട് നിരോധിച്ചിട്ടില്ലെന്ന് പറഞ്ഞ തന്നെ അടുത്തുണ്ടായിരുന്ന ഡ്രൈവർ അനീഷും ഒരു കണ്ടക്ടറും 2000 രൂപ നോട്ട് വലിച്ച് കീറി യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. അടിയേറ്റ നിലത്ത് വീണ രാധാകൃഷ്ണന്‍റെ കൈക്ക് പൊട്ടലുണ്ട്. കഴിഞ്ഞ ദിവസവും കൊച്ചി വൈറ്റില ഹബ്ബിൽ സമാനമായ സംഭവം നടന്നിരുന്നു. 500 രൂപയുടെ ബാക്കി മടക്കി ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരനെ മർദ്ദിച്ചത്.

കെഎസ് ആർ ടി സിയിലെ രണ്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഗതാഗത മന്ത്രിക്കും പരാതി നല്‍കുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.