തിരുവനന്തപുരം: നിയമസഭാ സാമാജികർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് വാച്ച് ആൻറ് വാർഡ ർക്കെതിരെയും മ്യൂസിയം എസ് ഐക്കെതിരെയും രമേശ് ചെന്നിത്തല നൽകിയ അവകാശ ലംഘന നോട്ടീസിൽ നടപടിയ്ക്കായി എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയോട് അന്വേഷിക്കാനായി സ്പീക്കർ എ.എൻ. ഷംസീർ ഉത്തരവിട്ടു.
നിയമസഭാചട്ടം 50 പ്രകാരം പ്രതിപക്ഷം നല്കുന്ന നോട്ടീസുകള്‍ക്ക് സഭയില്‍ അവതരണാനുമതി തേടുന്നതിനുപോലും അവസരം നല്‍കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 15ന് രാവിലെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സമാധാനപരമായി ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്ന യുഡിഎഫ് എംഎല്‍എമാരെ യാതൊരു പ്രകോപനവും കൂടാതെ അഡീഷണല്‍ ചീഫ് മാര്‍ഷലിന്റെ നേതൃത്വത്തില്‍ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുകയാണ് ഉണ്ടായതെന്നു രമേശ് ചെന്നിത്തല നോട്ടീസിൽ പറഞ്ഞിരുന്നു.
ബലപ്രയോഗത്തില്‍ സനീഷ്കുമാര് ജോസഫ്, കെ.കെ രമ എന്നിവർക്ക് പരിക്ക് പറ്റുകയും അവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവരികയും ചെയ്തു. അംഗങ്ങള്‍ക്ക് പരിക്കുപറ്റി എന്ന് മനസ്സിലായതോടെ അതിനെ കൗണ്ടര്‍ ചെയ്യുന്നതിനായി അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈന്, സാര്‍ജന്റ് അസിസ്റ്റന്റ് ഷീന എന്നിവര്‍ അംഗങ്ങള്‍ക്കെതിരെ വ്യാജ ആക്ഷേപം ഉന്നയിച്ച് പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ റോജി എം. ജോണ്‍, പി.കെ ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്ണന്, അനൂപ് ജേക്കബ്, കെ.കെ രമ, ഉമാ തോമസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 5 അംഗങ്ങള്‍ക്കും എതിരെ ഐപിസി 143, 147, 149, 294 (ബി), 333, 506, 326, 353 എന്നീ വകുപ്പുകള്‍ പ്രകാരം (രണ്ട് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ശിക്ഷലഭിക്കാവുന്ന, ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത്) മ്യൂസിയം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കുകയും ചെയ്തു.
വനിതാ സാര്‍ജന്റ് അസിസ്റ്റന്റ് ഷീനയുടെ കൈയ്ക്ക് പൊട്ടല്‍ ഉണ്ടായി എന്ന വ്യാജ ആരോപണത്തിൽ അംഗങ്ങള്‍ക്ക് എതിരെ ജാമ്യം ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തു.എന്നാല്‍ ഷീനയുടെ കൈയ്ക്ക് പൊട്ടല്‍ ഉണ്ടായി എന്നത് ശരിയല്ല എന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അംഗങ്ങള്‍ ആക്രമിച്ച് കൈയ്ക്ക് പരിക്കേല്‍പ്പിച്ചു എന്ന വ്യാജപ്പരാതി നല്‍കിയതിലൂടെ 7 അംഗങ്ങളെ പൊതുജനമധ്യത്തില്‍ അവഹേളനപാത്രമാക്കുന്നതിനും, സമൂഹമാധ്യമങ്ങളിലൂടെ അവര്‍ അക്രമകാരികളാണെന്ന രീതിയില്‍ വ്യാപകപ്രചാരണം ഉണ്ടാകുന്നതിനും ഇടയായിട്ടുണ്ട്.
നിയമസഭയുടെ പരിസരത്ത് നടന്ന ഒരു വിഷയം സംബന്ധിച്ച് മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ ജിജുകുമാര്‍ പി.ഡി,എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് സ്പീക്കറുടെ അനുമതി തേടിയിട്ടില്ല. 1970 ജനുവരി 29, 1983 മാര്‍ച്ച് 29, 30 എന്നീ തീയതികളില്‍ നിയമസഭാ പരിസരത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളില്‍ നിന്നും തികച്ചും വിഭിന്നമായ രീതിയിലുളള നടപടികളാണ് 15.03.2023 തീയതിയിലുണ്ടായ പ്രശ്നത്തില്‍ പോലീസ് സ്വീകരിച്ചത്. നിയമസഭാ പരിസരത്ത് നടന്ന ഒരു പ്രശ്നം സംബന്ധിച്ച് സ്പീക്കറുടെ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിന്റെ ഭാഗമായി നിയമസഭാസെക്രട്ടറിയേറ്റിലെ സിസിടിവി ഫുട്ടേജ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് കൊണ്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തതിലൂടെ മ്യൂസിയം പോലീസ് സ്റ്റേഷന് അധികൃതര്‍ സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനം ആണ് നടത്തിയിട്ടുള്ളത്.
മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്ഐ ജിജുകുമാര്‍ പി.ഡി, നിയമസഭാ അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈന്, വനിതാ സാര്‍ജന്റ് അസിസ്റ്റന്റ് ഷീന എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണം എന്ന് രമേശ് ചെന്നിത്തല സ്പീക്കറോടഭ്യർത്ഥിച്ചിരുന്നു.