ന്യൂഡൽഹി: ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര തലത്തിൽ മത്സരിച്ച കായിക താരങ്ങളെയാണ് പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തത്.പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാർച്ചുമായി എത്തിയ ഗുസ്തിതാരങ്ങളെ നേരിട്ട രീതിയെ വിമർശിച്ച് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര.
ഈ കാഴ്ച്ച ഏറെ വേദനിപ്പിക്കുന്നതാണെന്നും കുറച്ചു കൂടി നല്ല രീതിയിൽ ഇതിനെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും താരങ്ങളെ പൊലീസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ട് നീരജ് ചോപ്ര കുറിച്ചു. ഡബ്ല്യൂഎഫ്ഐ തലവൻ ബ്രിജ് ഭൂഷണ് എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി എടുക്കാത്തതിൽ പ്രധിഷേധിച്ചാണ് ജന്തര്‍മന്ദറില്‍ നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’എന്ന പേരിൽ ഗുസ്തിതാരങ്ങൾ മാർച്ച് നടത്തിയത്.
ഗുസ്തി താരങ്ങള്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്നതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമായി. സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തിതാരങ്ങളെ റോഡിൽ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താരങ്ങളെ കസ്റ്റഡിയിലെടുത്ത് നീക്കിയതിനു പിന്നാലെ ജന്തർ മന്തറിലെ സമരവേദിയിലെ കൂടാരങ്ങളും പൊലീസ് പൊളിച്ചുനീക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ഗുസ്തിതാരങ്ങൾ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.