മുംബൈ: ഡോംബിവിലി ഈസ്റ്റില്‍ മലയാളി സഹോദരങ്ങളെ കുളത്തില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആനന്ദം റീജന്‍സി സമുച്ചയത്തിലെ താമസക്കാരും ഹരിപ്പാട് സ്വദേശികളുമായ രവീന്ദ്രന്റെയും ദീപാ രവീന്ദ്രന്റെയും മക്കളായ ഡോ. രഞ്ജിത്ത് രവീന്ദ്രനും (21) കീര്‍ത്തി രവീന്ദ്രനും (17) ആണ് മരിച്ചത്.
കുളിപ്പിക്കുന്നതിനിടെ വളർത്തുനായ കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് നീന്തിപ്പോയി ഇതിനെ പിടിക്കാൻ ശ്രമിക്കുന്നതിടെ രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കീർത്തിയും അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇവരുടെ മാതാപിതാക്കൾ ചികിത്സക്കായി നാട്ടിലാണ്.
നവിമുംബൈയിലെ സീവുഡ് ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ് രഞ്ജിത്ത്. കീര്‍ത്തി രണ്ടുദിവസംമുമ്പ് വന്ന എച്ച് എസ് സി പരീക്ഷാഫലത്തില്‍ വിജയിച്ചിരുന്നു. അമ്മയും അച്ഛനും നാട്ടിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്.മാന്‍പാഡ പോലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.മൃതദേഹങ്ങൾ സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോകും.