അഹമ്മദാബാദ്: 2023 ഐപിഎല്‍ ചെന്നൈ കിരീടമണിഞ്ഞു. തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ തകർത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഗുജറാത്തിനെതിരായ 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന രണ്ട് പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയനായകനായി.
ഈ കിരീടനേട്ടത്തോടെ ഏറ്റവുമധികം ഐപിഎല്‍ കിരീടം നേടുന്ന ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം ധോണിയും സംഘവുമെത്തി. മഴ മൂലം മത്സരം രണ്ട് മണിക്കൂറോളം വൈകി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 15 ഓവറാക്കി വെട്ടിച്ചുരുക്കി. ചെന്നൈയ്ക്ക് വേണ്ടി മതീഷ് പതിരണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.അവസാന പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ജഡേജ ചെന്നൈയ്ക്ക് കിരീടം നേടിക്കൊടുത്തു. ജഡേജ ആറുപന്തില്‍ 15 റണ്‍സെടുത്തും ദുബെ 21 പന്തില്‍ 32 റണ്‍സെടുത്തും പുറത്താവാതെ നിന്നു.
ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. ഐപിഎല്‍ ഫൈനലിലെ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്കോറാണിത്. 96 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ച് കളിച്ചു.ജഡേജയെ ഇറക്കി ധോണി ഈ കൂട്ടുകെട്ട് പൊളിച്ചു. ജഡേജയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഗില്ലിനെ ധോണി മിന്നൽ വേഗത്തിൽ സ്റ്റംപ് ചെയ്ത് പുറത്താക്കി.