കുരുന്നുകൾ സ്‌കൂളുകളിലേയ്ക്ക്,പ്രവേശനോത്സവം ഇന്ന് രാവിലെ 10 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത്ഇന്ന്  സ്കൂളുകൾ തുറക്കും. സ്‌കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഇന്ന് രാവിലെ 10 മണിക്ക് നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വി.എച്ച്.എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, ജി. ആർ അനിൽ എന്നിവർ പങ്കെടുക്കും.

3.25 ലക്ഷം കുരുന്നുകളാണ് ഇന്ന് അക്ഷരച്ചെപ്പ് തുറന്ന് ഒന്നാം ക്ലാസിലേയ്ക്ക് എത്തുന്നത്. സംസ്ഥാനത്താകെ 6849 എൽ പി സ്‌കൂളുകളും 3009 യു പി സ്‌കൂളുകളുമാണുള്ളത്. മന്ത്രി കെ.എൻ.ബാലഗോപാൽ കൊല്ലം ശങ്കരമംഗലത്തും വീണാ ജോർജ് പത്തനംതിട്ട കടമ്മനിട്ടയിലും വി.എൻ. വാസവൻ കോട്ടയം തലയോലപ്പറമ്പിലും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കും.

റോഷി അഗസ്റ്റിൻ ഇടുക്കി വാഴത്തോപ്പിലും പി.പ്രസാദ് ആലപ്പുഴ പോളതൈയിലും പി.രാജീവ് എറണാകുളത്തും കെ.രാധാകൃഷ്ണൻ തൃശൂരിലും എം.ബി. രാജേഷ് പാലക്കാട് മലമ്പുഴയിലും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കുമ്പോൾ വി.അബ്ദുറഹിമാൻ മലപ്പുറം കല്പകഞ്ചേരിയിലും പി.എ.മുഹമ്മദ് റിയാസ് കോഴിക്കോടും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ വയനാട്ടിലും വി.ശിവദാസൻ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോടും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കും. മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ എന്നിവർ തൃശൂരിൽ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

കവി മുരുകൻ കാട്ടാക്കട രചിച്ച ‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം…’ എന്ന ഗാനത്തോടെയാണ് പ്രവേശനോത്സവത്തിന് തുടക്കം കുറിക്കുക. വിജയ് കരുൺ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മഞ്ജരിയാണ്.