തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിരക്ക് കൂടും. ഒരുമാസത്തേക്ക് യൂണിറ്റിന് 10 പൈസ കൂടി ഇന്ധനസർചാർജ് ഈടാക്കാനുള്ള ഉത്തരവ് കെഎസ്ഇബി പുറത്തിറക്കി. നിലവിലെ സർചാർജായ യൂണിറ്റിന് ഒൻപതു പൈസ തുടരും. ഇതോടെ യൂണിറ്റിന് 19 പൈസ അധികം നൽകേണ്ടിവരും.
സർചാർജായ ഒൻപതു പൈസ ഒക്ടോബർ വരെ പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് 10 പൈസ കൂടി അധികമായി പിരിക്കാൻ കെഎസ്ഇബി ഉത്തരവിറക്കിയത്.യൂണിറ്റിന് 44 പൈസ ഈടാക്കാൻ അനുമതി നൽകണമെന്നായിരുന്നു കെഎസ്ഇബി റഗുലേറ്ററി കമ്മീഷനോട് അപേക്ഷിച്ചിരുന്നത്. എന്നാൽ റഗുലേറ്ററി കമ്മീഷൻ്റെ അനുമതി ഇല്ലാതെ കെഎസ്ഇബിക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് 10 പൈസയാക്കി കുറക്കുയാണ് കമ്മീഷൻ ചെയ്തത്. ഇതേ തുടർന്നാണ് നിലവിലെ സർചാർജിനു പുറമേ 10 പൈസ കൂടി അധികമായി ഈടാക്കാൻ കെഎസ്ഇബി തീരുമാനിച്ചത്.
ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയായിരുന്നു യൂണിറ്റിന് ഒൻപതു പൈസ സർചാർജായി ഈടാക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടിരുന്നത്. ഇതാണ് പിന്നീട് ഒക്ടോബർ വരെ നീട്ടിയത്. നിലവിൽ രണ്ടുതരം സർചാർജ് ആണ് ഉള്ളത്. മൂന്നുമാസം കൂടുമ്പോൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പരിശോധിച്ച് അനുവദിക്കുന്നതും പുതിയ കേന്ദ്ര ചട്ടങ്ങൾ അനുസരിച്ചു ബോർഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണ്. വൈദ്യുതി ഉൽപാദനത്തിന് വേണ്ടിവരുന്ന ഇന്ധനത്തിൻ്റെ വിലവർധന മൂലം ഉണ്ടാകുന്ന അധികച്ചെലവാണ് സർച്ചാർജായി ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്നത്.