ന്യൂഡൽഹി ∙ വയോധികയെയും മകളെയും കൊലപ്പെടുത്തിയ 2 യുവാക്കൾ അറസ്റ്റിൽ. ബിഹാർ സിവാൻ സ്വദേശികളായ കിഷൻ (28), ബന്ധുവായ അങ്കിത് കുമാർ സിങ് (25) എന്നിവരാണ് അറസ്റ്റിലായത്. വേഗത്തിൽ പണക്കാരാകുക എന്ന ലക്ഷ്യത്തോടെയാണു ‘മിഷൻ മാലാമൽ’ എന്ന പദ്ധതി ആസൂത്രണം ചെയ്തതെന്നാണു പൊലീസ് വിശദീകരണം. ഗായകനും സംഗീത സംവിധായകനുമായ അങ്കിത് കുമാർ സിങ് റിലീസിനു തയാറായിരിക്കുന്ന ഒരു ഒടിടി സിനിമയ്ക്കു സംഗീതം നൽകിയിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു.
കഴിഞ്ഞ മാസം 31നാണു ഈസ്റ്റ് ഡൽഹി കൃഷ്ണ നഗർ സ്വദേശികളായ രാജറാണി (73), മകൾ ഗിന്നി കിരാർ (39) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പൂർണമായി അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. അന്വേഷണത്തിന്റെ ഭാഗമായി 200ലേറെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. വിശദമായ പരിശോധനയിൽ മേയ് 25നാണു മരണം നടന്നതെന്നു കണ്ടെത്തി. പ്രതികൾ രണ്ടു പേരും കൊലപാതകം നടന്ന ദിവസം വീട്ടിലേക്കു പ്രവേശിക്കുന്നതായും കണ്ടെത്താനായി. പൊലീസ് തങ്ങളെ സംശയിക്കുന്നുവെന്നു തിരിച്ചറിഞ്ഞ ഇരുവരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത ശേഷം കടന്നുകളയാൻ പദ്ധതി തയാറാക്കുന്നതിനിടെയാണ് അറസ്റ്റിലായത്.സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് മാനേജരായ കിഷൻ ഓൺലൈൻ ട്യൂഷനും നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട വെബ്സൈറ്റിലൂടെയാണു രാജറാണിയെ പരിചയപ്പെട്ടത്. ഭിന്നശേഷിക്കാരിയായ തന്റെ മകൾ ഗിന്നി കിരാരിനു കംപ്യൂട്ടർ ട്യൂഷന് അധ്യാപകനെ തേടുകയായിരുന്നു ഇവർ. തുടർന്ന് കിഷൻ രാജറാണിയുടെ വീട്ടിലെത്തി ഇവരുമായി സൗഹൃദത്തിലായി. പ്രതിഫലം കൈമാറാൻ അക്കൗണ്ട് വിവരങ്ങൾ കൈമാറിയപ്പോഴാണു ഇരുവരുടെയും അക്കൗണ്ടിലായി 50 ലക്ഷം രൂപയോളമുണ്ടെന്നു കിഷൻ കണ്ടെത്തിയത്. തുടർന്നാണ് ഇവരെ കൊലപ്പെടുത്തി പണം സ്വന്തമാക്കാനായി ‘മിഷൻ മലാമൽ’ എന്ന പദ്ധതി മേയ് 17ന് ഇരുവരും ആസൂത്രണം ചെയ്തത്.
കൃത്യത്തിനു മുൻപ് ഇരുവരും അഭിഭാഷകനെ ബന്ധപ്പെട്ടിരുന്നുവെന്നും കുറ്റം നടത്തിയ ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് പഠിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന്, അസമിലായിരുന്ന സിങ്ങിനെ ഡൽഹിയിലേക്കു വിളിച്ചുവരുത്തി രാജറാണിക്കും മകൾക്കും പരിചയപ്പെടുത്തി. സംഭവദിവസം രാത്രി 9.50നു വീട്ടിലെത്തിയ ഇരുവരും കൊല നടത്തിയെങ്കിലും വീട്ടിൽ നിന്നു വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല. പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നു പൊലീസ് വിശദീകരിച്ചു.
വെബ് സീരീസുകളിൽ നിന്നാണു ഇവർക്ക് കൃത്യം നടത്താനുള്ള ആശയം ലഭിച്ചതെന്നാണു പ്രാഥമിക വിവരം.