കോട്ടയം: അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഉച്ചയ്ക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിൽ നടക്കും. സിനിമാ മേഖലയിലേയും സാംസ്കാരിക മേഖലയിലേയും നിരവധിപ്പേർ കാക്കനാടെത്തി അന്തിമോപചാരമർപ്പിച്ചു .
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിലായിരുന്നു കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുന്ന വഴി നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുധിക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുമുണ്ടായിരുന്നു. വാരിയെല്ലുകൾ തകര്‍ന്ന് ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.