തൃശൂർ: ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ എന്നി മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ മലബാര്‍ ടവര്‍ ഗസ്റ്റ് ഹൗസ് എന്ന ലോഡ്ജിലെ മുറിയിലാണ് മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സന്തോഷ് പീറ്റർ ഫാനിൽ തൂങ്ങിമരിച്ച നിലയിലും. ഭാര്യയെ സമീപത്തെ ബെഡിൽ കിടക്കുന്ന നിലയിലും മകളെ ബാത്റൂമിലും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും അതിനാൽ ജീവനൊടുക്കുന്നുവെന്നുമാണുള്ളത്.
തൃപ്പൂണിത്തുറയിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഇവർ ഇക്കഴിഞ്ഞ നാലാം തീയതിയാണ് തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഏഴാം തീയതി രാത്രി റൂം ഒഴിയുമെന്ന് അറിയിച്ചിരുന്നെങ്കിലും പോകേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ജീവനക്കാര്‍ മുറിയുടെ വാതിലില്‍ ഏറെ നേരം തട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.
ജീവനക്കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി മുറി ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു