വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രളയത്തിന് ശേഷം സ്വന്തം മണ്ഡലമായ പറവൂരിൽ വി.ഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനാണ് അനുമതി നൽകിയത്.

പുനർജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ വി.ഡി സതീശനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. ചാലക്കുടി കാതിക്കൂടം ആക്ഷൻ കൗൺസിലാണ് വി.ഡി സതീശനെതിരെ പരാതി നൽകിയത്.