തിരുവനന്തപുരം : സർക്കാർ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കും. ആരൊക്കെ ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തും. അവർക്കെതിരെ കേസെടുക്കും . വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടറും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമാക്കും.മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ല.മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ പോലീസെടുത്ത നടപടിയെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
എറണാകുളം സെൻട്രൽ പോലീസാണ് ഈ അഞ്ച് പേർക്കെതിരെ ആർഷോയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആർഷോയെ അപകീർത്തിപ്പെടുത്താൻ പ്രതികൾ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചനയടക്കം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാർ ഒന്നാം പ്രതിയായും പ്രിൻസിപ്പാൾ ഡോ. വി എസ് ജോയ്, കെ എസ് യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ, കേളജിലെ വിദ്യാർഥിയായ സി എ ഫൈസൽ രണ്ടും മൂന്നും നാലും പ്രതികളായും, ഏഷ്യനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാർ അഞ്ചാം പ്രതിയായിട്ടുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയ എസ് എഫ് ഐ നേതാവായ വിദ്യയുടെ കേസ് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകയ്ക്കെതിരെയാണ് പോലീസ് ഗൂഢാലോചനയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഏഷ്യനെറ്റ് അറിയിച്ചു.