മാള: ഭാര്യ നൽകിയ ക്വട്ടേഷനിൽ ഭർത്താവിനെ കടയിൽ കയറി ആക്രമിച്ചയാൾ കോടതിയിൽ കീഴടങ്ങി. പ്രതിയായ ആളൂർ പൊൻമിനിശേരി വീട്ടിൽ ജിന്റോയാണ് കോടതിയിൽ കീഴടങ്ങിയത്. കോടതിയിൽ കീഴടങ്ങിയ ആളെ മാള പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതിപ്പാലയിൽ കട നടത്തി വരികയായിരുന്നു ജോൺസനെയാണ് അഞ്ചുപേർ അടങ്ങിയ സംഘം ആക്രമിച്ചത്. സംഭവം നടന്നത് ഏപ്രിൽ 23 ന് ഒരുമണിയോടെ ആയിരുന്നു. വടിവാളുമായെത്തിയ അഞ്ചാംഗ സംഘം ജോൺസനെ കടയിൽ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒന്നാം പ്രതിയായ ജിന്റോ ഒഴികെയുള്ളവരെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയിരുന്നു. ഇവർ ഇപ്പോൾ ജയിലിലാണ്. ജിന്റോയുടെ പെൺസുഹൃത്തിന്റെ ആവശ്യപ്രകാരമാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജോൺസനും ഭാര്യ രേഖയും നിലവിൽ അകന്നു കഴിയുകയായിരുന്നുവെന്നും ഭർത്താവിനെ ആക്രമിക്കാൻ രേഖ സുഹൃത്തായ ജിന്റോയെ ഏൽപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. തുടർന്നാണ് പ്രതിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കടയിൽ കയറി ജോൺസനെ ആക്രമിച്ചത്. സംഭവ ശേഷം പ്രതിയായ ജിന്റോയും രേഖയും ഒളിവിൽ പോയിരുന്നു. ഇതിനിടയിൽ ജിന്റോ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് കോടതി തള്ളിയിരുന്നു തുടർന്ന് ഇയാൾ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചാണ് ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. എസ്.ഐ. മാരായ വി.വി. വിമൽ, സി.കെ. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.