ഗുരുവായൂർ ∙ പടിഞ്ഞാറേ നടയിലെ സ്വകാര്യ ലോഡ്ജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള വയനാട് അമ്പലവയൽ തോമാട്ടുചാൽ കാട്ടിക്കൊല്ലിയിൽ മുഴങ്ങിൽ ചന്ദ്രശേഖരൻ, ഭാര്യ മരിച്ചതിൽ കടുത്ത വിഷമത്തിലായിരുന്നുവെന്നു ബന്ധുക്കൾ. കഴിഞ്ഞ 27ന് ഭാര്യ അജിത മരിച്ചശേഷം ചന്ദ്രശേഖരൻ ആരോടും സംസാരിക്കാറില്ലായിരുന്നെന്നു പറയുന്നു. ചരക്കു ലോറി ഡ്രൈവറായ ചന്ദ്രശേഖരൻ ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേർപെടുത്തി 15 വർഷമായി ഗുരുവായൂർ പരിസരത്ത് വാടകയ്ക്കു താമസിക്കുകയാണ്.
ഗർഭാശയ രോഗമുണ്ടായിരുന്ന അജിത പെട്ടെന്നു മരിച്ചതോടെ ചന്ദ്രശേഖരനും കുട്ടികളും വലിയ വിഷമത്തിലായിരുന്നു. മകൾ ദേവനന്ദനയ്ക്ക് അസുഖമായതിനാൽ ചികിത്സ നടത്തിയിരുന്നു. അമ്മയില്ലാതെ ജീവിക്കാൻ കുട്ടികൾക്ക് ആഗ്രഹമില്ല എന്ന് ഇയാൾ എഴുതി വച്ച കുറിപ്പിൽ ഉള്ളതായി പൊലീസ് പറഞ്ഞു. 4 മാസമായി ചൂൽപുറം സിഎംസി ഹാളിനു സമീപത്തെ വീട്ടിലായിരുന്നു. വാടകവീട് 5ന് ഒഴിയേണ്ടതായിരുന്നു. അന്ന് പുലർച്ചെ നീണ്ട യാത്ര പോവുകയാണ് എന്ന് എഴുതി വച്ചിട്ട് കുട്ടികളുമായി പോയി. വയനാട്ടിൽ ചില ബന്ധുക്കളുടെ അടുത്ത് എത്തിയിരുന്നു.ഇന്നലെ ഉച്ചയ്ക്കാണ് ചന്ദ്രശേഖന്റെ മക്കളായ ശിവനന്ദന (12), ദേവനന്ദന (9) എന്നിവരെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ചന്ദ്രശേഖരനെ (58) തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ വിഷം കഴിച്ചതായും സംശയമുണ്ട്. മമ്മിയൂർ എൽഎഫ്സിയുപി സ്കൂളിൽ ഏഴിലും രണ്ടിലും പഠിക്കുകയാണ് ശിവനന്ദനയും ദേവനന്ദനയും.
തിങ്കളാഴ്ച രാത്രി പത്തരയോടെ കുട്ടികളുമൊത്ത് കാറിൽ വന്നാണു ചന്ദ്രശേഖരൻ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാവിലെ ഇയാളെ പുറത്തു കണ്ടിരുന്നു. ഉച്ചയ്ക്ക് 2ന് മുറി ഒഴിയാത്തതിനാൽ ലോഡ്ജ് ജീവനക്കാർ തട്ടി വിളിച്ചു. 2.15 ആയിട്ടും തുറക്കാതായപ്പോൾ പൊലീസ് എത്തി വാതിൽ തുറന്നു. ശിവനന്ദന കട്ടിലിൽ കിടക്കുന്ന നിലയിലും ദേവനന്ദന തൂങ്ങി നിൽക്കുന്ന സ്ഥിതിയിലായിരുന്നു. ശിവനന്ദന മരിച്ചിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിക്കും മുൻപേ ദേവനന്ദനയും മരിച്ചു. മൃതദേഹങ്ങൾ മുതുവട്ടൂർ രാജ ആശുപത്രിയിൽ.