ചെന്നൈ : ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ കൊറോണറി ആൻജിയോഗ്രാമിന് വിധേയനാക്കി. എത്രയും വേഗം ബൈപാസ് സർജറി ചെയ്യണമെന്നും ചെന്നൈയിലെ തമിഴ്നാട് ഗവൺമെന്റ് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അധികൃതർ അറിയിച്ചു.
011 മുതൽ 2015 വരെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന സെന്തിൽ ബാലാജി ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർ, കണ്ടക്ടർ നിയമനത്തിന് വിവിധ വ്യക്തികളിൽ നിന്ന് പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം.ബാലാജിക്കെതിരെ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത കേസ് 2021 ജൂലൈയിൽ ഇഡി ഏറ്റെടുത്തു.
സെന്തിൽ ബാലാജി ഇപ്പോൾ സ്റ്റാലിൻ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയാണ്. ചൊവ്വാഴ്ച ബാലാജിയുടെ കരൂരിലെ വസതിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലെ ഓഫീസിലും ഇഡി നടത്തിയ പരിശോധനയെ തുടർന്ന് 17 മണിക്കൂർ ചോദ്യം ചെയ്യുകയും പിന്നാലെ മന്ത്രിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇഡി ബാലാജിയെ കനത്ത സുരക്ഷയിൽ വൈദ്യപരിശോധനയ്ക്കായി ചെന്നൈയിലെ ഓമന്ദൂരാർ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.