ന്യൂഡൽഹി : മണിപ്പൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് മുൻ സൈനിക മേധാവി വേദ് പ്രകാശ് മാലിക്.വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ കലാപം തുടങ്ങിയിട്ട് മാസങ്ങളായി.ഇതിനോടകം നൂറിലധികം പേര്‍ മരിച്ചു. ആയിരക്കണക്കിന് വീടുകള്‍ ആക്രമണകാരികള്‍ തീയിട്ടു നശിപ്പിച്ചു. മെയ് മാസം തുടക്കത്തില്‍ ആരംഭിച്ച കലാപമാണ് വിരാമമില്ലാതെ തുടരുന്നത്.
ഇപ്പോള്‍ കലാപകാരികള്‍ നേതാക്കളേയും അവരുടെ വീടുകളും ലക്ഷ്യമിടുകയാണ്.ഇംഫാലിൽ കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗിന്‍റെ വീടിന് വ്യാഴാഴ്ച വൈകീട്ട് അക്രമികൾ തീയിട്ടു.സംസ്ഥാന മന്ത്രിയും ബിജെപി നേതാവുമായ നെംച കിപ്ഗന്‍റെ വീടും അക്രമികൾ അഗ്നിക്കിരയാക്കി. സംഘര്‍ഷത്തില്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം 1997സെപ്റ്റംബര്‍ 30 മുതൽ 2000 സെപ്റ്റംബര്‍ 30 വരെ 19-ാമത് കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച ജനറൽ വേദ് പ്രകാശ് മാലിക് മുന്നോട്ടു വച്ചു.
“താന്‍ സര്‍വീസില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന മണിപ്പൂരിൽ നിന്നുള്ള ഒരു സാധാരണ ഇന്ത്യക്കാരനാണ്. ഈ സംസ്ഥാനം ഇപ്പോള്‍ ഒന്നുമല്ലാതായിരിയ്ക്കുന്നു, ലിബിയ, ലെബനൻ, നൈജീരിയ എന്നിവിടങ്ങളിലെ പോലെ ഇവിടെയും ആർക്കും എപ്പോൾ വേണമെങ്കിലും ആരുടേയും ജീവനും സ്വത്തും നശിപ്പിക്കാം. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?”മുൻ ലെഫ്റ്റനന്‍റ് ജനറൽ എൽ. നിഷികാന്ത സിംങിന്റെ ട്വീറ്റ് പരാമർശിച്ചുകൊണ്ടാണ് ജനറൽ മാലിക് ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്.
പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മെയ് 29 മുതൽ നാല് ദിവസം മണിപ്പൂർ സന്ദർശിച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കര്‍ശനമാക്കിയിരുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിവിൽ സൊസൈറ്റി, സ്ത്രീകൾ, ആദിവാസി വിഭാഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതനുസരിച്ച്, സംസ്ഥാനത്ത് സമാധാന സമിതിയും അന്വേഷണ സമിതിയും രൂപീകരിച്ചിരുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല,
സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തിരിയ്ക്കുന്നത്.ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്. സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ്, ഫോണ്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ സംസ്ഥാനത്തെ യഥാര്‍ത്ഥ സാഹചര്യം പുറം ലോകം അറിയുന്നില്ല.