കൊച്ചി: മോൻസൻ മാവുങ്കൽ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പരാതിക്കാരുടെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്ന് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൻസണ് വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
ഈ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും, ഐജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തു.ആരോപണം കെ സുധാകരൻ പൂർണമായും തള്ളിയിരിക്കുകയാണ്. മനസാ വാചാ തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎമാണെന്നുമാണ് സുധാകരൻ തിരിച്ചടിച്ചിരിക്കുന്നത്. ഇര നൽകാത്ത ഈ മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്നും ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത് അതെങ്ങനെ സിപിഎമ്മിന് ലഭിച്ചുവെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു.
കെ സുധാകരന് 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നാളെ വിയ്യൂർ ജയിലിലെത്തി മോൻസണെ അന്വേഷണ സംഘം ചോദ്യം ചെയ്യും. പതിനേഴുകാരിയെ മോൻസൻ പീഡിപ്പിച്ചപ്പോൾ ആ വീട്ടിൽ സുധാകരൻ ഉണ്ടായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ ആരോപിച്ചിരുന്നു.
സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനും18 വയസിന് ശേഷം തുടർന്നും പീഡിപ്പിച്ചതിനും എറണാകുളം പോക്സോ കോടതി മോണ്സൻ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.