പഠിക്കാൻ മിടുക്കിയായ എനിക്കെന്തിന് വ്യാജ സർട്ടിഫിക്കേറ്റ്,രാഷ്ട്രീയ വൈരാഗ്യം കാരണം എന്നെ കുരുക്കി.കെ വിദ്യ

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞ വിദ്യയെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ലെന്നും കെ വിദ്യ.വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ താൻ നിരപരാധിയാണ്. കേസിൽ തന്നെ മനപൂർവ്വം കുടുക്കുകയായിരുന്നുവെന്ന് പോലീസിനോട് കെ വിദ്യ വ്യക്തമാക്കി.

താൻ വ്യാജ സർട്ടിഫിക്കറ്റ് ഒരിടത്തും നൽകിയിട്ടില്ല. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മഹാരാജസിൻ്റെയെന്നല്ല ഒരു കോളേജിൻ്റെ പേരിലും താൻ വ്യാജ രേഖയുണ്ടാക്കിയിട്ടില്ല. അക്കാദമിക് നിലവാരം കൊണ്ടാണ് ഓരോ കോളേജിലും പഠിക്കാൻ അവസരം ലഭിച്ചത്. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ പോലീസിന് മൊഴി നൽകി.

കരിന്തളം ഗവ. ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഐ.പി.സി. 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ്  നീലേശ്വരം പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.കാസര്‍കോട് ജില്ലയിലും വിദ്യയ്ക്കെതിരേ കേസുണ്ട്.

അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പിടികൂടിയത്.11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.