കോഴിക്കോട്: ബീച്ചിൽ സുഹൃത്തുക്കളോടൊപ്പമെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആൺ കുട്ടിക്ക് നേരെ നടത്തിയ ലൈംഗികാതിക്രമ കേസില്‍ ക്വട്ടേഷന്‍ നേതാവ് നൈനൂക്കും സംഘവും അറസ്റ്റില്‍. കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക് ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തടയാന്‍ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടില്‍ നിന്നും സാഹസികമായാണ് പോലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.
വീട് തുറക്കാന്‍ ആവശ്യപ്പെട്ട പോലീസിന് നേരെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് നൈനൂക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ആയുധങ്ങള്‍ കാട്ടി പോലീസിനെ വെല്ലുവിളിച്ചു.സംഘം പോലീസ് വാഹനവും അടിച്ചു തകര്‍ത്തു. വീടിന്റെ വാതില്‍ ചവിട്ടി തുറന്നാണ് ഇവരെ പിടികൂടിയത്.അക്രമത്തില്‍ പരിക്കേറ്റ പോലീസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.