തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ഭീഷണി സാഹചര്യം ഗുരുതരമാണെന്നും തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി എംബി രാജേഷ്. സംസ്ഥാനത്തു നിലവിൽ 20 എബിസി കേന്ദ്രങ്ങളുണ്ട്.ആവശ്യത്തിന് വാക്സിനും ഉണ്ട് .മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ച് ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവ് നായകളെ ദയാവധത്തിന് ഇരയാക്കും മന്ത്രി അറിയിച്ചു.
നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണെന്നും ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾക്കായി കോടതിയെ സമീപിക്കും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങൾ തുടങ്ങും.അക്രമകാരിയായ തെരുവ് നായകളെ കൊല്ലണം എന്ന ആവശ്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തും.
മൃഗസ്നേഹികളുടെ യോഗം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർക്കും. എബിസി കേന്ദ്രങ്ങൾക്ക് മൃഗസ്നേഹികളുടെ കൂടി പിന്തുണ തേടും.25 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവത്തനസജ്ജമാക്കും. മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങും.നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു