തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഇന്ന് ഡൽഹിയിലേക്ക് പോകും.പോക്സോ കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളും എഐസിസി നേതൃത്വത്തെ അറിയിക്കും.
ക്രൈംബ്രാഞ്ച് അറസ്റ്റിന് പിന്നാലെ അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന നിലപാട് സ്വീകരിച്ച സുധാകരൻ കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരം നിലപാട് തിരുത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനൊപ്പം ഡൽഹിയിലേക്ക് പോകുന്നത്.തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രണ്ടു ദിവസത്തിനകം മാനനഷ്ടക്കേസ് നൽകുമെന്നും അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് പാർട്ടി നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞു .
28നു യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് തുടങ്ങുകയാണ്.തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പാർട്ടിയിൽ അനൈക്യം ഉണ്ടെന്നും കേസിനെ ഒറ്റക്കെട്ടായി നേരിടുന്നതിൽ വീഴ്ച്ചയുണ്ടാക്കിയെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസിലെ ഒരു നേതാവാണെന്നും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് പരാതിക്ക് പിന്നിലെന്നും സിപിഎം നേതാവ് എകെ ബാലൻ പറഞ്ഞിരുന്നു.