പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

രാജ്യത്ത് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.1000 രൂപ പിഴയോട് കൂടിയ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. പാന്‍ കാര്‍ഡുകള്‍ 1961ലെ ആദായനികുതി നിയമപ്രകാരം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ അസാധുവായാല്‍ നികുതി റീഫണ്ട് ലഭിക്കില്ല എന്നതാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നടത്താത്തവര്‍ നേരിടാന്‍ പോകുന്നത്.അസാധുവായാല്‍ ഒരുമാസത്തിനകം 1000 രൂപ നല്‍കി പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. 2021 മാര്‍ച്ച് 31വരെ ഫീസൊന്നുമില്ലാതെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാമായിരുന്നു. പിന്നീട് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് സമയപരിധി നീട്ടി നല്‍കുകയായിരുന്നു. 2022 ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ 500 രൂപ പിഴയോടെ ബന്ധിപ്പിക്കാമായിരുന്നു. ജൂലൈ ഒന്നു മുതല്‍ പിഴ 1000 രൂപയാക്കി.പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ www.incometax.gov.inല്‍ ലോഗിന്‍ ചെയ്യുക. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ വിവരങ്ങളും പേരും മൊബൈല്‍ നമ്പറും നല്‍കണം. ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ തെരെഞ്ഞെടുത്ത് തുടരുക. ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ചുള്ള സന്ദേശം ഫോണില്‍ ലഭിക്കും.