തിരുവനന്തപുരം: നടൻ സുരേഷ് ഗോപിയുടെ മന്ത്രിസഭ പ്രവേശനവുമായി ബന്ധപ്പെട്ട് തനിക്കോ സംസ്ഥാന ബിജെപി നേതൃത്വത്തിനോ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി മന്തിസഭയിലെത്തുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
മാധ്യമങ്ങൾ വെറുതെ ഓരോന്ന് വിളിച്ചു പറയരുതെന്നും രാജ്യസഭ മുൻ എംപി കൂടിയായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.അടുത്തവർഷം നടക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമാണ്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെ ഉൽപ്പെടുത്താനുള്ള നീക്കം തെരഞ്ഞെടുപ്പിനെ നേരിടാൻ സഹായിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.
മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.
മുൻപ് 1990വരെ ഏകീകൃത സിവിൽ കോഡിനായി സിപിഎം അനുകൂലിച്ചിരുന്നു. എന്നാൽ ഇന്ന് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഎം നിലപാട് മാറ്റി.അവസരവാദ രാഷ്ട്രീയത്തിൻ്റെ അപ്പോസ്തലനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഎം നിലപാട് മാറ്റി. ക്രൈസ്തവ വിഭാഗം ബിജെപിയോട് അടുക്കുന്നത് തടയാനാണ് മണിപ്പൂർ വിഷയത്തിൽ കള്ളപ്രചാരണം നടക്കുന്നത്. വൈകാതെ സിപിഎം മുസ്ലീം പാർട്ടിയാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.