മുംബൈ: “തന്റെ പിതാവ് ശരദ് പവാർ എല്ലാവരേയും കുടുംബത്തേപ്പോലെയാണ് കണ്ടിരുന്നതെന്നത്.സംഭവിച്ചത് എന്തുതന്നെയായാലും തീർച്ചയായും വേദനാജനകമാണ്. എനിക്ക് അജിത് ദാദയോട് എപ്പോഴും ബഹുമാനമുണ്ട്. അദ്ദേഹം എപ്പോഴും എന്റെ സഹോദരനായി തുടരും,” എൻസിപി പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെയുടെ ക്യാമ്പിലേക്ക് എത്തിയ സംഭവത്തിൽ എൻസിപി വർക്കിംഗ് പ്രസിഡണ്ടും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ എംപി പ്രതികരിച്ചു,
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി പാർട്ടി നവോന്മേഷത്തോടെ പ്രവർത്തിക്കുമെന്നും പാർട്ടിയിലുണ്ടായിരിക്കുന്ന ഈ സംഭവവികാസങ്ങൾ പ്രതിപക്ഷ ഐക്യത്തെ ഒരിക്കലും ബാധിക്കില്ലെന്നും സുപ്രിയ പറഞ്ഞു. പാർട്ടി പുനർനിർമ്മിക്കാനായി ഞങ്ങൾ പോരാടും. വിമതർ പാർട്ടിയിലേക്ക് മടങ്ങിയെത്തിയാൽ ഞാൻ സന്തോഷവതിയാണ്. ഭാവിയിൽ കാര്യങ്ങൾ എങ്ങനെയാകുമെന്ന് കണ്ടറിയാം. അജിത് ദാദയുമായുള്ള എന്റെ ബന്ധത്തിൽ മാറ്റമുണ്ടാകില്ല,” സുപ്രിയ സുലേ പറഞ്ഞു.
2019ലെ സംഭവത്തിന് ശേഷം എനിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിച്ചു. ഞാൻ കൂടുതൽ പക്വമതിയായി. പക്ഷെ അജിത് ദാദ തന്റെ മൂത്ത സഹോദരനായി എന്നും തുടരും ആ പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാകില്ല. സുപ്രിയ വീണ്ടും വീണ്ടും ആവർത്തിച്ച് പറഞ്ഞു.