തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഇരിങ്ങാലക്കുടയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ കെ സതീശനെ സസ്പെൻഡ് ചെയ്തു.വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നതിന് എക്സൈസ് കമ്മീഷണറാണ് നടപടിക്ക് ഉത്തരവിട്ടത്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടികളുണ്ടാകും.ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് എൽഎസ് ഡി അല്ലെന്ന് ലാബ് പരിശോധന റിപ്പോർട്ട് വന്നിരുന്നു.
ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടിപാർലറുടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് എൽ.എസ്.ഡി സ്റ്റാമ്പ് കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. ഇതേതുടർന്ന് 72 ദിവസം ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നു.ഷീലയുടെ ബാഗിൽ എൽ.എസ്.ഡി ഉണ്ടെന്ന് വിവരം ലഭിച്ചത് ഇന്റർനെറ്റ് നമ്പരിൽ നിന്നുള്ള ഫോൺ വിളിയിലൂടെയാണെന്നാണ് എക്സൈസ് ഇൻസ്പെക്ടർ കെ സതീശൻ പറയുന്നത്. ഉടമയുടെ ബാഗിൽ എൽഎസ്ഡിക്ക് സമാനമായ പത്രങ്ങൾ വച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണെന്നും ഫോൺ സ്വിച്ചോഫ് ആണെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.
ഷീലയുടെ ബന്ധു ബെംഗളൂരുവിൽ മോഡലായി ജോലി ചെയ്യുന്ന ഒരു സ്ത്രീയാണെന്നാണ് വിവരം. സംഭവത്തിന് രണ്ട് ദിവസം മുൻപ് ഈ സ്ത്രീയും ഇവരുടെ സഹോദരിയും ഷീലയുടെ വീട്ടിൽ ഉണ്ടായിരുന്നു. ഷീലയുടെ കാറും, സ്റ്റാമ്പ് കണ്ടെടുത്ത ബാഗും സ്ത്രീ ഉപയോഗിച്ചതായും ഷീല സമ്മതിക്കുന്നുണ്ട്. ഷീലക്കെതിരെ കേസെടുത്തതിൽ ഉദ്യോഗസ്ഥർക്ക് സാങ്കേതിക പിഴവുകളും സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.
ഫോറൻസിക് റിപ്പോർട്ട് ഫലത്തിൽ കണ്ടെടുത്ത 12 സ്റ്റാമ്പുകളുംഎൽ.എസ്.ഡി അല്ലെന്നു കണ്ടതോടെ ഷീലയുടെ നിരപരാധിത്വം തെളിഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നതോടെ, ലോണെടുത്ത് തുടങ്ങിയ ബ്യൂട്ടിപാർലർ അടച്ചുപൂട്ടി. വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുടുംബം മുന്നോട്ടുപോകുന്നത്.തനിക്കെതിരെ തെറ്റായ നടപടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും ഷീല സണ്ണി വ്യക്തമാക്കി.