തിരുവനന്തപുരം : ഇന്ത്യയിലെ കന്നുകാലികളുടെ ആരോഗ്യസംരക്ഷണം മുൻനിറുത്തി ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ കേന്ദ്ര മൃഗസംരക്ഷണ വകുപ്പും ലോകബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന പ്രധാന പ്രോജക്റ്റ് ആയ “വേൾഡ് ബാങ്ക് ഫണ്ടഡ് അനിമൽ ഹെൽത്ത് സിസ്റ്റം സപ്പോർട്ട് ഫോർ വൺ ഹെൽത്ത് ” ന്റെ ഭാഗമായി സ്റ്റേക്ക് ഹോൾഡേഴ്സ് തിരുവനന്തപുരത്ത് ചേർന്ന സംയുക്ത യോഗത്തിലാണ് ലോകബാങ്ക് പ്രതിനിധി ജീവൻ മൊഹന്തി കേരളത്തിലെ ജന്തുജന്യ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രശംസിച്ചത്.
മൃഗസംരക്ഷണ വകുപ്പിലെ രോഗനിയന്ത്രണ വിഭാഗം , ആരോഗ്യവകുപ്പ് , മെഡിക്കൽ കോളേജ്, വെറ്ററിനറി കോളേജ്, ഡ്രഗ് കൺട്രോളർ, ഫൂഡ് സേഫ്റ്റി , ഐ സി എം ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഏകാരോഗ്യ കേസ് സ്റ്റഡി നടത്തുന്നതിനായിരുന്നു യോഗം ചേർന്നത് . ഈ സംസ്ഥാനങ്ങൾ ജന്തുജന്യരോഗങ്ങൾ വരുമ്പോൾ എങ്ങനെ പ്രതിരോധിച്ചു, പ്രതിരോധിക്കുന്നു, എന്തെല്ലാം മുൻകരുതലുകൾ എടുക്കുന്നു, രോഗപ്രതിരോധ പ്രതിവിധികൾ നടപ്പിലാക്കുന്ന വിധം തുടങ്ങിയവ നേരിൽ കണ്ടു മനസ്സിലാക്കുകയാണ് കേസ് സ്റ്റഡിയുടെ പ്രധാന ലക്ഷ്യം. ഇത്തരത്തിൽ ജന്തുജന്യരോഗ പ്രതിരോധങ്ങളുടെ അനുഭവസമ്പത്ത് പഠിച്ച് തയ്യാറാക്കുന്ന ഫീഡ്ബാക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ലോകബാങ്കിന്റെ സഹായത്തോടെ ഇന്ത്യ മുഴുവൻ ഒരു കേന്ദ്രീകൃത പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കും. ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ മാതൃകയായി കാണുന്നത് കേരളത്തെയാണ്.
കേരളം ഇപ്പോൾ തന്നെ ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിൽ സ്വീകരിക്കുന്ന ചടുലത നിറഞ്ഞ പ്രതിരോധപ്രവർത്തനങ്ങൾ “ഏകലേോകം ഏകാരോഗ്യം” എന്ന ആശയത്തെ മുൻനിറുത്തിയാണ് മുന്നോട്ട് പോകുന്നതെന്നാണ് കണക്ക് കൂട്ടൽ.മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ് , വനം വകുപ്പ്, മെഡിക്കൽ കോളേജ്, വെറ്ററിനറി കോളേജ്, ഡ്രഗ് കൺട്രോളർ, ഫൂഡ് സേഫ്റ്റി , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി തുടങ്ങി എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും സംയുക്ത യോഗത്തിൽ ഉരുത്തിരിയുന്ന തീരുമാനങ്ങൾ, നിർദേശങ്ങൾ, ആശയങ്ങൾ എന്നിവയെല്ലാം ക്രോഡീകരിച്ച് റിപ്പോർട്ടാക്കും. തുടർന്ന് കേന്ദ്രസംഘം നാളെ തലസ്ഥാനത്തെ മൃഗാശുപത്രികൾ, തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിൽ ഫീൽഡ് സന്ദർശനം നടത്തും.
ജൂലൈ ആറിന് വയനാട് ജില്ലയിലെ വെറ്ററിനറി സെന്ററുകൾ, പൂക്കോട് വെറ്ററിനറി സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ വൺ ഹെൽത്ത് അഡ്വൈസറി റിസർച്ച് ആന്റ് ട്രെയിനിംഗ് എന്നിവ സന്ദർശിക്കും. തുടർന്ന് കോഴിക്കോട് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി കോഴിക്കോട്ടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ കൂടി പഠിക്കും . ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കേരളത്തിൽ നിന്നും ലഭിച്ച പഠനാനുഭവങ്ങളെല്ലാം ക്രോഡീകരിച്ച് അവ ഇന്ത്യയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിൽ കൂടി പകർത്തി നടപ്പിലാക്കുകയാണ് ലോകബാങ്ക് ലക്ഷ്യമിടുന്നത്.
വിവിധ ഡിപ്പാർട്മെന്റ് പ്രതിനിധികളുമായി ലോകബാങ്ക് പ്രതിനിധി, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികൾ നടത്തിയ സംയുക്ത യോഗത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ ഡോ. അരുണ ശർമ, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ. എ. എസ്, ഡയറക്ടർ ഡോ. എ കൗശിഗൻ ഐ. എ. എസ്, അഡീഷണൽ ഡയറക്ടർമാരായ ഡോ. കെ. സിന്ധു, , ഡോ. വിന്നി ജോസഫ്, ഡോ. ജിജിമോൻ ജോസഫ്, ജോയിന്റ് ഡയറക്ടർമാരായ ഡോ. സിന്ധു എസ്, ഡോ.റെനി ജോസഫ്, ഡോ. നിഷ ഡി, ഡോ. ഷീല യോഹന്നാൻ, ഡോ. ഷീല സാലി ടി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.