ഇന്ത്യയിൽ നിന്നും എല്ലാം ഇട്ടെറിഞ്ഞ് പോവാൻ തീരുമാനിച്ച അമേരിക്കൻ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണെ കൈപിടിച്ച് മുന്നോട്ടു നയിക്കാൻ ഹീറോയെത്തുന്നു.രണ്ട് ബ്രാൻഡുകളും സഹകരിച്ച് പുറത്തിറക്കുന്ന ആദ്യ മോഡലാണ് ഹാർലി X440 മോട്ടോർസൈക്കിൾ. അമേരിക്കൻ ഇരുചക്രവാഹന നിർമ്മാതാക്കളുടെ ഈ വില കുറഞ്ഞ മോഡൽ ഇന്ത്യയിൽ മത്സരിക്കാൻ പോകുന്നത് റോയൽ എൻഫീൽഡ് 350 സിസി മോട്ടോർസൈക്കിളുമായിട്ടായിരി്ക്കും.
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ ശ്രേണി കൈയടുക്കാനാണ് ഹാർലിയുടെ ഇത്തവണത്തെ വരവ്. ദീർഘദൂര ടൂറിംഗിനെന്ന പോലെ തന്നെ ദൈനംദിന ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവുന്ന രീതിയിലാണ് മോട്ടോർസൈക്കളിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹാർലി ഡേവിഡ്സൺ X440 റെട്രോ ഡിസൈൻ ഭാഷ്യം ശരിക്കും കിടിലമാണ്.മെഷീൻ കട്ട് അലോയ് വീലുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ,ഫ്ലാറ്റ് ഹാൻഡിൽബാർ, സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ്, റെട്രോ-സ്റ്റൈൽ റൗണ്ട് ഇൻഡിക്കേറ്ററുകൾ,ഓൾ-എൽഇഡി ലൈറ്റിങ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ എടുക്കാനുള്ള സൌകര്യം, മ്യൂസിക് കൺട്രോൾ, ഡിസ്റ്റൻസ്-ടു-എംപ്റ്റി, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയെല്ലാമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഹാർലിയും ഹീറോയും ഈ മോട്ടോർസൈക്കിളിൽ നൽകിയിട്ടുള്ളത്.
പുതുതായി വികസിപ്പിച്ച 440 സിസി സിംഗിൾ സിലിണ്ടർ എയർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് ഹാർലി ഡേവിഡ്സൺ X440 റോഡ്സ്റ്ററിന്റെ ഹൃദയം.6-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്ന സ്റ്റീൽ ട്രെല്ലിസ് ഫ്രെയിൽ നിർമിച്ചിരിക്കുന്ന ടൂ വാൽവ് സജ്ജീകരണമുള്ള എഞ്ചിന് 27 bhp പവറിൽ പരമാവധി 38 Nm torque വരെ നിർമിക്കാൻ ശേഷിയുണ്ട്.
മൂന്നുവേരിയന്റുകളിൽ വാങ്ങാനാവുന്ന ഹാർലി X440 ബേസ് വേരിയന്റിന്റിന് 2.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മിഡ്, ടോപ്പ് വേരിയന്റുകൾക്ക് യഥാക്രമം. 2.49 ലക്ഷം രൂപ, 2.69 ലക്ഷം രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഇന്ത്യയിൽ ഹാർലിയുടെ ചില്ലറ വിൽപ്പനയും വിതരണവും ഹീറോ മോട്ടോകോർപ്പാണ് കൈകാര്യം ചെയ്യുന്നത്. വിലയും സവിശേഷതകളും നോക്കിയാൽ റോയൽ എൻഫീൽഡ് ഹണ്ടർ 350 വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവരെ ആകർഷിക്കുന്ന മോഡലാണ് ഹാർലി ഡേവിഡ്സൺ എക്സ്440.