കൊച്ചി: എസ്യുവികളുടെയും എംപിവികളുടെയും വിലയിൽ രണ്ട് ശതമാനം വരെ വർധനയുണ്ടായേക്കും.ഈ വാഹനങ്ങളുടെ സെസ് 22 ശതമാനം ആയി ഉയർത്തി.50-ാമത് ജിഎസ് ടി കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം.നിലവിൽ, വലിയ വാഹനങ്ങൾക്ക് 28 ശതമാനം ജിഎസ് ടി നിരക്കും 22 ശതമാനം വരെ സെസും ബാധകമാണ്. 20 ശതമാനം സെസ് നൽകിയിരുന്ന എല്ലാ വലിയ എസ്യുവികൾക്കും ഇപ്പോൾ 22 ശതമാനം നിരക്ക് ബാധകമാകും.
ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയിൽ 28 ശതമാനം നികുതി ഈടാക്കാനാണ് തീരുമാനം.ജിഎസ് ടി കൗൺസിൽ യോഗത്തിലെ തീരുമാനം പ്രകാരം ഓൺലൈൻ ഗെയിമിംഗിൽ 28 ശതമാനം ജിഎസ് ടി ചാർജ് ഏർപ്പെടുത്തും.മൊത്ത ഗെയിമിംഗ് വരുമാനത്തിന് 28 ശതമാനം നികുതി നിരക്ക് ചുമത്തുന്നത് ഓൺലൈൻ ഗെയിമിംഗ് വിപണിയെ, പ്രത്യേകിച്ച് പോക്കർ ഗെയിമിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചേക്കും. ഉയർന്ന നികുതി നിരക്ക് പുതിയ കളിക്കാരെ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും സാധ്യതയുണ്ട്.
സിനിമ ശാലകളിലെ ഭക്ഷണ പാനീയങ്ങൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചു.സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും. സിനിമാ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് ആണ് അഞ്ച് ശതമാനമായി കുറയ്ക്കുന്നത്.കാൻസർ മരുന്ന്, അപൂർവ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയുടെ ഇറക്കുമതിക്ക് ഈടാക്കുന്ന നികുതി ഒഴിവാക്കാനും ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിൽ, ഈ മരുന്നുകൾക്ക് 12ശതമാനമാണ് ഇന്റഗ്രേറ്റഡ് ജിഎസ് ടി ചുമത്തുന്നത്.