ഞാൻ ജനിക്കേണ്ടവൻ തന്നെയായിരുന്നു, മലയാളത്തിന്റെ പുണ്യം എം.ടി നവതിയുടെ നിറവിൽ

എഴുത്തിൽ വിസ്മയം തീർത്ത് മലയാളിയെ അക്ഷരങ്ങളുടെ ലോകത്തേക്ക് എടുത്തുയർത്തിയ മഹാ പ്രതിഭ എം ടി യ്ക്ക് തൊണ്ണൂറാം പിറന്നാൾ.നാല് കെട്ടിലെ അപ്പുണ്ണി കാലത്തിലെ സേതു അസുരവിത്തിലെ ഗോവിന്ദൻകുട്ടി മലയാളിയുടെ വായനയെ ത്രസിപ്പിച്ച കഥകളും കഥാപാത്രങ്ങളും കൊണ്ട് എഴുത്തിൻറെ ലോകത്തുപകരം വെക്കാൻ കഴിയാത്ത പോലെ സ്വന്തം ജീവിതവും മലയാളിക്ക് മുന്നിൽ തുറന്നിട്ട മഹാ സാഹിത്യകാരന് നവതി ആശംസകൾ.

എംടി എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ നിമിത്തമായത് ഒരു പക്ഷെ മാതൃഭൂമി ആയിരിക്കാം. മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻറെ ആദ്യത്തെ നോവൽ ‘നാലുകെട്ട്” ന് (1958). കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു.

പുന്നയൂർക്കുളത്തുക്കാരനായ ടി.നാരായണൻ നായരുടെയും (തെണ്ട്യേത്ത് നാരായണൻ നായർ) കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായിപിറന്ന എംടി തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ബാല്യ കാലം ചെലവിട്ടത്.മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ എം ടി പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ഉപരിപഠനം നടത്തിയത്.

1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും കണക്ക് അധ്യാപകനായി.. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായി .തളിപ്പറമ്പിലെ ഗ്രാമസേവകന്റെ ഉദ്യോഗം ദിവസങ്ങൾക്കകം ഉപേക്ഷിച്ചു് എം.ബി.യിൽ തിരിച്ചെത്തി മാതൃഭൂമിയിൽ ചേർന്നു.ഔദ്യോഗിക ജീവിതം കൂടുതലും കോഴിക്കോടായിരുന്നു.

“ഞാൻ കണ്ട കിനാവുകളിൽ പൂത്തുലഞ്ഞ പാരിജാതവും പവിഴ മല്ലിയും പുന്നയും എല്ലാം വാസുവിൻറെ സ്വപ്നങ്ങളിലും പൂക്കുന്നുണ്ടെന്ന് ഞാൻ ഊഹിക്കുന്നു.
ബാല്യകാലത്ത് ഞാൻ പുന്നയൂർക്കുളം എന്ന ഗ്രാമത്തിൽ അമ്മയുടെ കൂടെ താമസിച്ചിരുന്നപ്പോൾ ചെറിയ കുട്ടിയായ വാസുവും അവിടെ എവിടെയോ താമസിച്ചിരുന്നു. ഞാൻ കണ്ടിട്ടില്ല എന്നു മാത്രം. ഞങ്ങൾ ഒരമ്മ പെറ്റ മക്കളാണെന്ന് ചില നിമിഷങ്ങളിൽ എന്നിക്ക് തോന്നാറുണ്ട്. പുന്നയൂർക്കുളത്തു നിന്നാരംഭിക്കുന്ന ഒറ്റയടിപ്പതായിലൂടെ ഞാനിതുവരെ സഞ്ചരിച്ചു. മറ്റൊരു ഒറ്റയടിപ്പാത തനിക്കായി വാസുവും തിരഞ്ഞെടുത്തു.” എം ടി യെ കുറിച്ച് മാധവിക്കുട്ടി എഴുതി.

എം ടി യുടെ കുട്ടിക്കാലത്ത് . അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു.സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൂടെ കൊണ്ട് വരുന്ന കഥ “നിന്റെ ഓർമ്മയ്ക്ക്” എന്ന കൃതിയിൽ എം ടി പറയുന്നുണ്ട്.പിറന്നാളിൻറെ ഓര്‍മയിലെ കുട്ടിക്ക് തൻറെ പിറന്നാൾ ആരുമറിയരുതെന്നായിരുന്നു ആഗ്രഹം.എംടിക്കും തന്റെ പിറന്നാൾ ആരും അറിയരുതെന്ന് തന്നെയായിരുയിരുന്നു.

എംടിയെ ഗർഭമായിരുന്ന സമയത്ത് അമ്മക്ക് പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. പ്രസവം ഒഴിവാക്കണമെന്ന് വരെ വൈദ്യർ പറഞ്ഞു.എന്നാൽ അങ്ങിനെയൊന്നും ഉണ്ടായില്ല. ഞാൻ ജനിക്കേണ്ടവൻ തന്നെയായിരുന്നു.എംടി എഴുതി.കർക്കിടകത്തിലെ ഉത്രട്ടാതിയിൽ ഇരുണ്ട് മൂടിയ മാനം പെയ്യുന്ന ഒരു മഴക്കാലമാണ് എംടി വാസുദേവൻ നായർ ജനിച്ചത്. മകന്റെ പിറന്നാളിന് കാവിൽ നേർന്ന പായസത്തിന് നാലിടങ്ങഴി നെല്ല് ചോദിച്ച അമ്മയെ അടിച്ച അമ്മാവനെ ഓർമിക്കുന്ന വരികളും കർക്കിടകമെന്ന പഞ്ഞ കാലത്തിൻറെ യാഥാർത്ഥ്യവുമെല്ലാം ഒരു പിറന്നാളിന്റെ ഓര്‍മ്മയിൽ എംടി പറഞ്ഞിട്ടുണ്ട്.എംടി പിറന്നാൾ ആഘോഷിക്കാറില്ല. എല്ലാ ദിവസവും കടന്നു പോകുന്ന പോലെ ആ ദിവസവും കടന്നു പോകും എന്നാണ് പിറന്നാളിനെ പറ്റി എംടി പറഞ്ഞത്.