ഉമ്മൻ ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി വഷളാക്കിയത്. ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അന്ത്യം.മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം ഫെയ്‌സ് ബൂക്കിലൂടെ അറിയിച്ചത്.

2004 മുതൽ 2006വരയും 2011 മുതൽ 2016വരെയും മുഖ്യമന്ത്രിയായിരുന്നു. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.അൻപത് വർഷമായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു.1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ ഉടൻ എത്തും. സംസ്ക്കാരം പുതുപ്പള്ളിയിൽ നടക്കും.കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരാണ് മക്കൾ.

കെ എസ് യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി എഐസിസി ജനറൽ സെക്രട്ടറിവരെയും വർക്കിംഗ് കമ്മിറ്റി അംഗമായും, കെ എസ് യു സംസ്ഥാന പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. യു ഡി എഫ് കണ്‍വീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് 12 തവണ തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 ലാണ് നിയമസഭ അംഗത്വത്തിന്റെ 50ാം വാര്‍ഷികം ആഘോഷിച്ചത്.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. പുതുപ്പളളി എം ഡി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലും ശേഷം കോട്ടയം സി എം എസ് കോളേജിലും പഠിച്ചു. ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിന്നും ബി എ ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.