ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവുകൾ നൽകി സുപ്രീം കോടതി.വിദഗ്‌ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനും കൊല്ലത്തേക്ക് മടങ്ങാനും മദനിയ്ക്ക് സുപ്രീം കോടതി അനുവാദം നൽകി.ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി.15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.
ചികിത്സയ്ക്കായി ജില്ല വിട്ടുപോകണമെങ്കിൽ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ അനുമതി വേണം.ബെംഗളുരുവിലെ വിചാരണ കോടതി അവശ്യപ്പെട്ടാൽ അവിടെ ഹാജരാകണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.നേരത്തെ കേരളത്തിലെത്തിയ മഅദനി ആരോഗ്യനില മോശമായതിനെത്തുടർന്ന് കൊച്ചിയിൽ ചികിത്സതേടുകയും മടങ്ങിപ്പോവുകയുമായിരുന്നു.
.ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ദീർഘദൂര യാത്ര അനുവദിക്കാൻ കഴിയില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്‍റെ നിർദേശത്തെ തുടർന്ന് കൊല്ലത്ത് ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാതെ മടങ്ങുകയായിരുന്നു..
മഅദനിയുടെ കേസുമായി ബന്ധപ്പെട്ട വിചാരണ ഏറെക്കുറെ പൂർത്തിയായെന്നാണ് ഇദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടിയത്. ആരോഗ്യനില വഷളാവുകയാണെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും അദ്ദഹം കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് നാട്ടിൽപോകാൻ അനുമതി നൽകിയത്.